ഓയൂർ: ഓടനാവട്ടം കട്ടയിലെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ പോയ ഹരിതകർമ സേനാംഗത്തെ വളർത്തുനായയെകൊണ്ട് കടിപ്പിച്ചതായി പരാതി. ഓടനാവട്ടം കട്ടയിൽ റോസമ്മ (51)ക്കാണ് കാലിൽ നായുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ആരോപണവിധേയനായ ഓടനാവട്ടം കട്ടയിൽ ചരുവിള കുന്നിൽപുത്തൻവീട്ടിൽ മനോജ് ഒളിവിലാണ്.
പരാതി ഇങ്ങനെ: കഴിഞ്ഞദിവസം വൈകീട്ട് 4.30 ഓടെയാണ് റോസമ്മയും സഹപ്രവർത്തക ലൈജു ബിനുവും മനോജിന്റെ വീട്ടിൽ എത്തിയത്. റോസമ്മ വീട്ടിന്റെ ഭിത്തിയിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയും ലൈജു ബിനു പ്ലാസ്റ്റിക് ശേഖരിക്കുന്ന തിരക്കിലുമായിരുന്നു. ഈ സമയം കൂട്ടിൽനിന്ന് നായയെ ചങ്ങലയോടെ മനോജ് പുറത്തിറക്കി റോസമ്മയുടെ അടുക്കൽ കൊണ്ടുവന്നു. ഇവർ നായയെ മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും മനോജ് തയാറായില്ല.
തുടർന്ന് പ്രകോപനമില്ലാതെ നായയെകൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചു. കടിക്കാതിരുന്ന നായെയ പ്രകോപിപ്പിച്ച് റോസമ്മയെ കടിപ്പിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കാലിൽ ഗുരുതര മുറിവേറ്റ ഉടനെ റോസമ്മ നിലവിളിച്ചതോടെ ആൾക്കാർ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ മകൻ അജീഷ് റോസമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, ശരീരത്തിൽ അലർജി ഉണ്ടായതിനെതുടർന്ന് റോസമ്മ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സതേടി. മനോജ് ഓട്ടോൈഡ്രവറാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്തു. മന്ത്രി കെ.എൻ. ബാലഗോപാലിനും ഇ-മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.