ഓയൂർ: സമൂഹ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടന്നതാേടെ വെളിയം പഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ എടുക്കാൻ കൂട്ടത്തോടെ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൂയപ്പള്ളി പാെലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 140 പേർക്കുള്ള വാക്സിനാണ് കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ തെറ്റായ പ്രചാരണത്തെ തുടർന്ന് 300ഓളം പേർ രാവിലെ തന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. എല്ലാവരും വാക് സിൻ ആവശ്യപ്പെട്ടത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. വാപ്പാല മെഡിക്കൽ സൂപ്രണ്ട് ഓഫിസർ ദിവ്യ വാക്സിൻ സ്വീകരിക്കാൻ വന്നവരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ആരും കേൾക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് ആശുപത്രി അധികൃതർ പാെലീസിനെ വിവരം അറിയിച്ചു. പാെലീസിന്‍റെ സാന്നിധ്യത്തിൽ മെഡിക്കൽ സൂപ്രണ്ട് ദിവ്യ, ഉച്ചകഴിഞ്ഞ് ഓൺ ലെെൻ വഴി ബുക്ക് ചെയ്ത 50 പേർ ഉണ്ടെന്ന് അറിയിച്ചു. ഇതിൽ സാധാരണ കാണാറുള്ളതുപോലെ 30 ഓളം പേർ മാത്രമായിരിക്കും വാക്സിൻ സ്വീകരിക്കാൻ വരുക. ബാക്കി 20 പേർക്ക് വാക്സിന് ഒഴിവുണ്ടാകുമെന്നും അത്യാവശ്യക്കാരായ പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ, വിദേശത്ത് പോകാനുള്ളവർ ഇത് പ്രയോജനപ്പെടുത്താമെന്നും അറിയിച്ചു.
കേന്ദ്രത്തിലെ വാക്സിൻ ശേഖരം തീർന്നു. വാക്സിൻ എത്തിയാൽ തിങ്കളാഴ്ച മുതൽ വാക്സിൻ പുനരാരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.