ഓയൂർ: ഓയൂർ കീഴൂട്ട് ദേവീക്ഷേത്ര ഉത്സവത്തിന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ കേസിൽ ക്ഷേത്ര ഭാരവാഹികളായ മൂന്നുപേർ അറസ്റ്റിൽ. 10 പേർ ഒളിവിൽ പോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ക്ഷേത്ര പ്രസിഡന്റ് ഓയൂർ ചുങ്കത്തറ കുന്നുവിള വീട്ടിൽ രമേശൻപിള്ള (52), ട്രഷറർ ഓയൂർ പൊയ്കയിൽ വടക്കതിൽ വീട്ടിൽ വിനോദ് (36), ക്ഷേത്ര കമ്മിറ്റി അംഗം ഓയൂർ സുനിൽ മന്ദിരത്തിൽ സുനിൽ (36) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ക്ഷേത്ര ഭാരവാഹികൾ പൊലീസിനെ അറിയിക്കാതെ ചൊവ്വാഴ്ച രാത്രിയാണ് വൻ ശബ്ദത്തിൽ വെടിക്കെട്ട് നടത്തിയത്. സമീപവാസിയുടെ വീടിന് കേടുപാടുണ്ടായി. ശബ്ദത്തിന്റെ അനുരണനം നാല് കിലോമീറ്ററിൽ കൂടുതലുണ്ടായി.
വെടിക്കെട്ട് നടത്തുന്നതിന് ഒരു മാസം മുമ്പ് ക്ഷേത്ര ഭാരവാഹികൾ കലക്ടറുടെ അനുമതി വാങ്ങണം. ഇതൊന്നുമുണ്ടായില്ലെന്ന് പൂയപ്പള്ളി എസ്.ഐ പറഞ്ഞു. വെടിക്കെട്ട് സ്പോൺസർ ചെയ്ത വ്യക്തിക്കെതിരെയും കേസെടുത്തു. ലൈസൻസുള്ള കടയിൽ നിന്നാണോ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന അന്വേഷണവും പൊലീസ് നടത്തും. ബാക്കി പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.