ഓയൂർ: വെളിയം ജങ്ഷനിൽ അനധികൃത കൈയേറ്റം വർധിച്ചതോടെ അപകടം പതിവാകുന്നു. രണ്ടുദിവസം മുമ്പാണ് പാറയുമായി വന്ന ലോറി നിയന്ത്രണംവിട്ട് സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടെ സമീപത്തായിനിന്ന വിദ്യാർഥികൾ രക്ഷപ്പെടുകയായിരുന്നു. ഓയൂർ-കൊട്ടാരക്കര, നെടുമൺകാവ്-അമ്പലംകുന്ന് എന്നീ റോഡുകൾ കടന്നുപോകുന്ന വെളിയം ജങ്ഷനിൽ പൊതുമരാമത്ത് റോഡ് കൈയേറിയാണ് കടകൾ നിർമിച്ചിരിക്കുന്നത്.
10 വർഷം മുമ്പ് ഇവിടെ ബസ് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാൽ, റോഡ് വികസന ഭാഗമായി കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയിരുന്നു. തുടർന്ന് റോഡിലേക്ക് ഇറക്കി കടകൾ കെട്ടിപ്ക്പ്പൊയിട്ടും വെളിയം പഞ്ചായത്തോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വീകരിക്കാത്ത അവസ്ഥയാണ്.
ജങ്ഷനിൽ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. ബസ് നിർത്തിയിട്ടാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്തവിധം ദുരിതത്തിലാണ് ഈ ജങ്ഷൻ. മഴയത്തും വെയിലത്തും ബസ് കാത്തുനിൽക്കുന്ന യാത്രികർ കടകളുടെ മുന്നിലാണ് നിൽക്കുന്നത്.
ഇത് വാഹനങ്ങൾ പാഞ്ഞുവരുമ്പോൾ അപകടത്തിന് ഇടയാവുന്നു. രാവിലെയും വൈകീട്ടും ജങ്ഷനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ ഹോംഗാർഡിനെ നിയമിച്ചിട്ടുണ്ടെങ്കിലും റോഡ് കൈയേറിയുള്ള നിർമാണം മൂലം ഗതാഗതം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.