ഓയൂർ: 400 അടിയോളം താഴ്ചയിൽ ഖനനം നടത്തിയശേഷം ഉപേക്ഷിച്ച കുടവട്ടൂരിലെ പാറമടയിലെ വെള്ളക്കെട്ട് അണക്കെട്ടിന് സമാനമായതിനാൽ പ്രദേശവാസികൾ ഭയപ്പാടിൽ.
ഇരുപത് വർഷത്തിലധികം ഖനനം നടത്തിയ ഈ പാറമടയിൽ മൂന്ന് വർഷം മുമ്പാണ് ഖനനം നിർത്തിവെക്കാൻ നടപടിയുണ്ടായത്. ജില്ലയിലെ ഏറ്റവും കൂടുതൽ പാറ ഖനനം നടന്ന പ്രദേശമാണ് കുടവട്ടൂർ ക്വാറി. ഇവിടെ 150 ഓളം അനധികൃത ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. ഉഗ്രസ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് 40 അടി താഴ്ചയിൽ മാത്രമേ ഖനനം ചെയ്യാൻ പാടുള്ളൂവെന്ന നിയമം ലംഘിച്ച് 400 അടി താഴ്ചയിൽ ഭീകരമായ രീതിയിലവണ് ഖനനം നടത്തിയിരുന്നത്.
പാറമടകൾക്കുള്ളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിെൻറ നിരപ്പ് ഉയർന്നുവരുന്നതാണ് നാട്ടുകാരെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ഏക്കർ കണക്കിന് ഭൂമിയിൽ അപകടകരമായ രീതിയിൽ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. സമീപത്തായി നിരവധി വീടുകളാണുള്ളത്. ഓരോ തവണ ഉണ്ടാകുന്ന കനത്ത മഴയിലും 100 ൽ കൂടുതലുള്ള ക്വാറികളിലായി ജലം ഒരുപോലെ ഉയർന്ന് പൊങ്ങിയ നിലയിലാണ്.
വെള്ളം കെട്ടിനിൽക്കുന്ന ക്വാറികളിൽ ചില ഭാഗത്ത് പാറയിൽ വിടവുകളുണ്ട്. ഇത് അപകട ഭീഷണിയാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
ഓയൂർ : മഴയത്ത് പാറമടയിലെ പച്ചനിറത്തിലെ ജലം കാണാൻ വിനോദസഞ്ചാരികൾ ദിവസവും എത്താറുണ്ട്. ദൂരെനിന്ന് കാണുന്ന പലരും പിന്നീട് പാറമടയിലെ ജലത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടാകുന്നതും മരണപ്പെടുന്നതും. വെളിയം, കരീപ്ര പഞ്ചായത്തുകളിലായി ചേർന്നുനിൽക്കുന്ന പാറമടയിലെ അപകടക്കെണി അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നതാണ് വിചിത്ര സംഭവം. വിനോദ സഞ്ചാരത്തിെൻറ മറവിൽ മദ്യപാനം, കഞ്ചാവിെൻറ ഉപയോഗം, അനാശാസ്യം എന്നിവ നടക്കുന്ന പ്രധാന കേന്ദ്രമായി ഈ പ്രവർത്തനരഹിതമായ പാറക്വാറികൾ മാറി.
ആഡംബര ബൈക്കുകളിലെത്തുന്ന നിരവധി ചെറുപ്പക്കാർ 400 അടി താഴ്ചയുള്ള പാറമടയിൽ ഇറങ്ങാൻ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ഇവിടെ അധികൃതർ സന്ദർശകരെ വിലക്കുന്നതിനായി ബോർഡ് സ്ഥാപിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം 31ന് ആണ് ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെ രണ്ട് വിദ്യാർഥികൾ ആറ് കാണാനിറങ്ങിയ വഴിയിൽ വൈദ്യുതി കമ്പി പൊട്ടി വീണതിൽ പിടിച്ച് മരിച്ചത്. പാറമടയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഓയൂർ : കുടവട്ടൂർ ക്വാറിയിൽ വീണ്ടും ഖനനത്തിനായി ശ്രമം നടക്കുമ്പോൾ പ്രതിരോധവുമായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും മുന്നോട്ട്. സർക്കാറിന് കോടികൾ നഷ്ടമുണ്ടാക്കിയ വെളിയം പഞ്ചായത്തിലെ ക്വാറികളിൽ വീണ്ടും ഖനനത്തിന് ശ്രമം നടക്കുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാട്ടുകാർ സജ്ജമാണ്.
ഏത് നിമിഷവും ഉരുൾപൊട്ടൽ സംഭവിക്കാൻ ആക്കം കൂട്ടുന്ന രീതിലാണ് ആഴത്തിലുള്ള ക്വാറിയിലെ ജലവും പാറയുമുള്ളത്. ഇതിനിടയിലാണ് പാറമടയിലെ ജലം മോട്ടോർ ഉപയോഗിച്ച് സമീപത്തെ റോഡിലേക്ക് ഒഴുക്കി വീണ്ടും ഖനനത്തിനുള്ള ശ്രമങ്ങൾ തുടരുന്നത്. 20 വർഷക്കാലം പ്രദേശവാസികൾ ക്വാറികളുടെ അനധികൃത പ്രവർത്തനം മൂലം ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഖനനത്തിനിടെ ക്വാറിയിൽനിന്ന് പാറ തെറിച്ച് സമീപത്തെ വീടുകളുടെ മുകളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായിരുന്നു.
നിരവധി അപകടങ്ങളും മരണവുമാണ് സംഭവിച്ചിരുന്നത്. ഖനനം ഒഴിവായെങ്കിലും ഇപ്പോൾ നാട്ടുകാർ നേരിട്ടു കൊണ്ടിരിക്കുന്നത് അതിനെക്കാൾ ഭീകരമായ ഏത് നിമിഷവും തകരാവുന്ന അണക്കെട്ടിന് സമാനമായ വെള്ളക്കെട്ടാണ്.
എന്നാൽ, വീണ്ടും ഖനനം നടത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചെറുത്തു തോൽപിക്കാനുള്ള ശ്രമം തുടർന്നുവരുന്നുണ്ട്.
ഓയൂർ: കുടവട്ടൂരിലെ പാറമടയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ. ഖനനം ചെയ്ത ക്വാറി, ഉടമയെക്കൊണ്ട് മണ്ണിട്ട് മൂടുകയോ നികത്താനുള്ള മറ്റ് മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ, ഇത്തരത്തിൽ ഉപേക്ഷിച്ച ക്വാറികൾ നാട്ടുകാർക്ക് തലവേദനയായി മാറുകയാണ് ചെയ്യുന്നത്.
നാട്ടുകാരുടെ സ്വൈര ജീവിതത്തിന് ഭീഷണിയായ, ഇത്തരം ഉപേക്ഷിച്ച ക്വാറികളിൽ മഴമൂലം ജലനിരപ്പ് ഉയരുന്നതിൽ നടപടിയെടുക്കാൻ റവന്യൂ അധികൃതർക്ക് സാധിച്ചിട്ടില്ല. ആളുകൾ കുളിക്കാനും മറ്റും ഇറങ്ങാതിരിക്കാൻ വേലി കെട്ടി തിരിച്ചിട്ടില്ല. ഇവിടെ തന്നെ വീണ്ടും ഖനനം പുനരാരംഭിക്കാനുള്ള ക്വാറി മാഫിയകളുടെ നീക്കത്തെ തടയാൻ റവന്യൂ, മൈനിങ് ആൻഡ് ജിയോളജിക്കൽ വകുപ്പിന് സാധിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. പാറമടയിലെ ജലനിരപ്പ് ഉയരുന്ന ഈ സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.