ഓയൂർ: വെളിയം ചൂരക്കോട് തെറ്റിക്കുന്നിൽ റവന്യൂ ഭൂമി കയ്യേറി പാറഖനനം ചെയ്യാൻ ഒരുങ്ങുന്നത് കുടിവെള്ള പദ്ധതി അട്ടിമറിക്കാനാണെന്ന് ആക്ഷേപം.
യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കി ഭൂമിക്കടിയിലെ പാറ ഖനനം ചെയ്യാനാണ് തീരുമാനം. വെളിയം, മൈനിങ് ആൻഡ് ജിയോളജി, വില്ലേജ് ഓഫിസ് എന്നിവരുടെ അനുമതി ഉണ്ടെന്ന് അവകാശപ്പടുന്ന പാറ മാഫിയക്കെതിരെ നാട്ടുകാർ രംഗത്തെത്തി.
പാറ ഉടമ വെളിയം വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ കെ. ജലാലുദ്ദീനെതിരെ നാട്ടുകാരും വെളിയം വെസ്റ്റ് അശ്വതി ഭവനിൽ എം.എസ് ബിജുവും കലക്ടർക്ക് പരാതി നൽകി. 20 കുടുംബങ്ങൾക്ക് പട്ടികജാതി കുടിവെള്ള പദ്ധതിയും കരീപ്ര പഞ്ചായത്തിൽ 20,000 പേർക്ക് കുടിവെള്ളമെത്തിക്കുന്ന മറ്റൊരു പദ്ധതിയുമാണ് നടക്കുന്നത്.
കുടിവെള്ള പദ്ധതിയും പാറ ഖനനവും തമ്മിൽ ഒരു കിലോമീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ, 400 മീറ്റർ മാത്രമേ അകലം ഉള്ളൂ.
ഈ വിവരം റവന്യൂ, മൈനിങ് ആൻഡ് ജിയോളജി അധികൃതരെ അറിയിച്ചുവെങ്കിലും അധികാരികൾ സ്ഥലം സന്ദർശിക്കാതെ പാറ മാഫിയകൾക്ക് അനുകൂലമായാണ് നിലകൊണ്ടത്. തുടർന്നാണ് നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയത്. കേരള ഹൈകോടതി വിധി അനുസരിച്ച് പരിസ്ഥിതി അനുമതി സർട്ടിഫിക്കറ്റ് പുനഃപരിശോധിക്കാൻ കോടതി നിർദേശം നൽകി. പരിസ്ഥിതി അനുമതി കിട്ടിയില്ലെന്ന ബോധ്യത്തിൽ റവന്യൂ ഭൂമി കൈയേറിയിരിക്കുകയാണ്.
ഓട നിര്‍മാണം കരാറുകാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് നിര്‍വഹിക്കണം
കൊല്ലം: മഴക്കാലം അടുത്തുവരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഒഴിവാക്കാനും കുടിവെള്ള പൈപ്പുകള്‍ പൊട്ടി വിതരണം തടസപ്പെടാതിരിക്കാനും നടപടി സ്വീകരിക്കാന്‍ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്കി.
നിര്‍മാണ കരാറുകാര്‍, തദ്ദേശ വകുപ്പ് പ്രതിനിധികള്‍, മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിവരുടെ സംയുക്ത യോഗം വിളിച്ചാണ് നിര്‍ദേശം നല്‍കിയത്. റോഡുകളില്‍നിന്ന് നിര്‍മാണാവശിഷ്ടങ്ങള്‍ മാറ്റി കാല്‍നടക്കാര്‍ നേരിടുന്ന അപകടങ്ങള്‍ ഒഴിവാക്കണം.
വെള്ളം ഒഴുകിപ്പോകാൻ ഓടകളുടെ നിര്മാണംകരാറുകാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്ന് നിര്‍വഹിക്കണം. കുടിവെള്ളവിതരണത്തിന് തടസം നേരിട്ടാല്‍ ഉടനടി പരിഹാരം കാണണം.
വൈദ്യുതി തൂണുകള്ക്കുണ്ടാകുന്ന സ്ഥാനചലനവും പരിഹരിക്കണം. മഴയെത്തുംമുമ്പേ നിര്‍മാണ പ്രവൃത്തി തുടരുന്നതും പരാതികള്‍ ഉയരുന്നതുമായ പ്രദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിര്‍മാണ കരാറുകാരും സംയുക്ത പരിശോധന നടത്തി പ്രശ്നപരിഹാരം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു.
കൊല്ലം ബീച്ചിന്റെയും തുറമുഖത്തിന്റെയും പരിസരപ്രദേശങ്ങളുടേയും ശുചിത്വം ഉറപ്പാക്കണമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് നിര്‍ദേശം നല്കി. വാടി-ബീച്ച് മേഖലയിലെ മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മാലിന്യനീക്കത്തിന് കോര്‍പറേഷന്‍തല പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു.
വീടുകളില്‍ നിന്നുള്ള മാലിന്യം നീക്കുന്നതിന് മുന്‍ഗണന നല്‍കണം. പരിസരവും തുറമുഖവും അനുബന്ധമേഖലകളിലും മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി തടയും. ഇതിനായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗം ഇതിനായി നടപടിയെടുക്കണം.
തദ്ദേശസ്ഥാപനം ഇടപെട്ട് മാലിന്യനിക്ഷേപസൗകര്യങ്ങള് കൂടുതല്‍ മെച്ചപ്പെടുത്തണം. അജൈവമാലിന്യ നിക്ഷേപം പൂര്‍ണമായി ഒഴിവാക്കുന്നതിനാണ് ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടത്. മാലിന്യം നീക്കുന്നതിന് ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. യുവജനങ്ങളുടെ സഹകരണം തേടി പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ബോധവത്കരണം നടത്തും.
മഴക്കാലത്ത് പകര്‍ച്ചരോഗ സാധ്യത കൂടുതലയാതിനാല്‍ മാലിന്യം ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കണം. ഹാര്‍ബര്‍, ഫിഷറീസ്, കോര്പറേഷന് എന്നിവ സംയുക്തമായി മഴക്ക് മുന്നേ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.