ഓയൂർ: 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ഓയൂരിൽ അഗ്നിരക്ഷാനിലയം യാഥാർഥ്യമാകുന്നു. ഇതിന് 3.48 കോടി രൂപയുടെ ഭരണാനുമതിയായി. 1999 ലാണ് നിലയം തുടങ്ങാൻ അനുമതിയായത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും നിലയം യാഥാർഥ്യമാകാത്തതിനെക്കുറിച്ച് നിരവധി തവണ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
ഓയൂർ കാളവയലിൽ വെളിനല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാനിലയത്തിനായി വസ്തുവും വാങ്ങിയിരുന്നു. എം.എൽ.എ ആയിരുന്ന മുല്ലക്കര രത്നാകരൻ ഇടപെട്ട് രണ്ട് അഗ്നിരക്ഷാ വാഹനങ്ങളും ജീവനക്കാരെയും എത്തിച്ചു. ഉദ്ഘാടനദിനം പ്രഖ്യാപിച്ചപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് എത്തി. തുടർന്ന് അഗ്നിരക്ഷാ വാഹനങ്ങളും ജീവനക്കാരെയും ഇവിടെനിന്ന് അധികൃതർ പിൻവലിക്കുകയായിരുന്നു.
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലോ പരിസരപ്രദേശങ്ങളിലോ അഗ്നിബാധ ഉണ്ടായാൽ കൊല്ലം, പുനലൂർ, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന് മാത്രമാണ് അഗ്നിശമനസേനയുടെ സഹായം ലഭിച്ചത്. ഈ ഒരു സ്ഥിതി കണക്കിലെടുത്താണ് സമീപ പ്രദേശങ്ങളിലെ നിരവധി പഞ്ചായത്തുകൾക്ക് കൂടി സഹായകരവും ഉപയോഗപ്രദവുമായ രീതിയിൽ ഓയൂരിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ചത്. വാങ്ങിയ വസ്തു കേരള ഫയർ ആൻഡ് െറസ്ക്യൂ സർവിസ് ഡയറക്ടർ ജനറലിന് വിട്ടുനൽകിയിരുന്നു. പി.ഡബ്ല്യു.ഡി ബിൽഡിങ് സെക്ഷൻ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് പുതിയ കെട്ടിടനിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഓയൂർ അഗ്നിരക്ഷാനിലയം ആരംഭിക്കുന്നത് സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചുറാണിയും വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സാമൂഹികപ്രവർത്തകരും ആവശ്യപ്പെട്ടുവരുകയായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഫയർ സ്റ്റേഷൻ കെട്ടിടത്തിന് ഫണ്ട് അനുവദിക്കണമെന്നും ഇതിന് ആവശ്യമായ ഉദ്യോഗസ്ഥ വിന്യാസം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥിരം തസ്തികയും കെട്ടിടവും ഉണ്ടാകുന്നത് വരെ താൽക്കാലിക സംവിധാനത്തിൽ പഴയ ഭരണാനുമതി പ്രകാരം ഫയർ സ്റ്റേഷൻ ആരംഭിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് 2022 േമയ് 11ന് പുതുക്കിയ ഭരണാനുമതി നൽകയത് മന്ത്രിസഭ അംഗീകാരിച്ചു. തുടർന്ന് നവകേരള സദസ്സിൽ വെളിനല്ലൂർ ഗ്രാമ ഭരണസമിതിയും നിരവധി സംഘടനകളും വിഷയത്തിൽ നിവേദനം നൽകി. ഇതിൽ ഫയർ ആൻഡ് െറസ്ക്യൂ ഡിപ്പാർട്മെന്റ് നൽകിയ മറുപടിയിൽ തസ്തിക സൃഷ്ടിക്കുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് 348.50 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചതോടെ രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് അവസണ്മാകുന്നത്. ടെൻഡർ നടപടി കഴിഞ്ഞാൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാകുമെന്ന് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.