ഓയൂർ: ഓടനാവട്ടത്ത് മോഷണത്തിനിരയായ ലോട്ടറി വിൽപനക്കാരന് സഹായഹസ്തവുമായി പ്രവാസി യുവാവ്. വെളിയം ആദർശ് ഭവനിൽ ബന്ധുവിനോടൊപ്പം താമസിക്കുന്ന അംഗപരിമിതനായ പുനലൂർ സ്വദേശി രാജേന്ദ്രെൻറ 3000 രൂപയോളം വിലവരുന്ന ടിക്കറ്റുകളാണ് കഴിഞ്ഞ 25ന് അപഹരിക്കപ്പെട്ടത്. ഓടനാവട്ടത്തുനിന്ന് ലോട്ടറി വിൽക്കാനായി വെളിയം ഭാഗത്തേക്ക് നടന്നുവരുന്നതിനിടയിൽ ഓടനാവട്ടം ഓഡിറ്റോറിയത്തിെൻറ സമീപത്താണ് ഓട്ടോ ഓടിച്ചെത്തിയയാൾ ടിക്കറ്റുകൾ തട്ടിയെടുത്തത്.
രാജേന്ദ്രൻറയടുത്ത് ഓട്ടോ നിർത്തി ഡ്രൈവർ ടിക്കറ്റ് ആവശ്യപ്പെട്ടു. തെരഞ്ഞെടുക്കുന്നതിനായി ഇദ്ദേഹത്തിെൻറ കൈവശമുണ്ടായിരുന്ന മുഴുവൻ ടിക്കറ്റും കൈയിൽവാങ്ങിയ ഓട്ടോ ഡ്രൈവർ പെട്ടെന്ന് മുഴുവൻ ടിക്കറ്റുകളുമായി വാഹനം ഓടിച്ചുപോവുകയായിരുന്നു.
ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ട് ഉപജീവന മാർഗം അടഞ്ഞ് ദുരിതത്തിലായ രാേജന്ദ്രെൻറ അവസ്ഥ വാർത്തകളിലൂടെ അറിഞ്ഞാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രവാസി സഹായം എത്തിച്ചത്.
3000 രൂപ കൂടാതെ മൊബൈൽ ഫോണും നൽകി. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ മൊബൈൽ ഫോണും പൈസയും എത്തിച്ചു. എസ്.ഐ അഭിലാഷ് തുക രാജേന്ദ്രന് കൈമാറി. ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ രാജേന്ദ്രൻ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൂയപ്പള്ളി എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.