ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിൽ മുളയിറച്ചാൽ അറവ് മാലിന്യ പ്ലാന്റ് പ്രവർത്തനം തുടങ്ങിയതിനെതുടർന്ന് പ്രദേശത്ത് ജനജീവിതം ദുസ്സഹമായി. പ്രതിഷേധങ്ങൾക്കിടയിലാണ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്.
പുകയും ദുർഗന്ധവും അസഹനീയമായതിനെ തുടർന്ന് പ്ലാന്റിലേക്ക് മാലിന്യമായെത്തിയ വാഹനങ്ങൾ ജനം തെരുവിൽ തടഞ്ഞ് തിരിച്ചയച്ചു. കഴിഞ്ഞദിവസം പ്ലാന്റിലേക്കുള്ള വഴിയിൽ തടഞ്ഞ വാഹനം പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സ്റ്റേഷൻ പരിസരത്ത് ദുർഗന്ധം വമിച്ചതിനെതുടർന്ന് ഇനി ആവർത്തിക്കില്ലെന്ന ഉറപ്പിൽ വാഹനം പ്ലാന്റിൽ പ്രവേശിപ്പിച്ചു.
രാപകലന്യേ പ്രവർത്തിക്കുന്ന പ്ലാന്റിൽ രാത്രികാലങ്ങളിലാണ് രാസപദാർഥങ്ങൾ ചേർത്ത് മാലിന്യം പുഴുങ്ങി കത്തിക്കുന്നത്. പുകയും ദുർഗന്ധവും പ്രദേശത്ത് വ്യാപിക്കുന്നതോടെ ശ്വാസംമുട്ടൽ, തലവേദന, തുമ്മൽ, അലർജി, മറ്റ് രോഗങ്ങൾ ഉള്ളവർക്ക് അത് മൂർച്ഛിക്കുന്ന അവസ്ഥയായി. ഒരാഴ്ചയായി സ്ത്രീകളും കുട്ടികളും വയോധികരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
ജനം പരിഭ്രാന്തരായി തെരുവിലിറങ്ങുന്ന സാഹചര്യമാണ് രാത്രികാലങ്ങളിൽ ഉണ്ടാകുന്നത്. പ്ലാന്റിൽനിന്ന് വമിക്കുന്ന വിഷവാതകം ഏകദേശം നാല് കിലോമീറ്റർ ചുറ്റളവിലാണ് പടരുന്നത്. ദിവസങ്ങളായി പലർക്കും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പൗരസമിതിയുടെയും നേതൃത്വത്തിൽ മാലിന്യ പ്ലാന്റിന് മുന്നിൽ സമരങ്ങൾ നടന്നിരുന്നു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രകടനവും ധർണയും മുളയിറച്ചാൽ ജങ്ഷനിൽ 200 ൽപരം ദിവസങ്ങളായി നിരാഹാര സത്യഗ്രഹം എന്നിവ നടന്നിരുന്നു.
ഒരു രാഷ്ട്രീയപാർട്ടിയും പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുന്നതിനെതിരെ പ്രസക്തമായി ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആരോഗ്യവകുപ്പ് മന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ, കലക്ടർ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകി. പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നത് പൊലീസ് വഴിവിട്ട് സഹായിക്കുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.