ഓയൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ശ്രീരാജിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു. വാക്കനാട് കൊമ്പൻമുക്ക് അഗിൻ (വിഷ്ണു), വിഷ്ണുലാൽ, രാഹുൽ, കീഴൂട്ട് വീട്ടിൽ നിധീഷ്, ഉണ്ണിക്കുട്ടൻ, ബിനുകുമാർ, രാഹുൽ എന്ന മനു എന്നിവരെയാണ് കൊല്ലം അഡീഷനൽ സെഷൻസ് മൂന്നാം കോടതി ജഡ്ജി ഉഷാനായർ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടത്.
2014 ഏപ്രിൽ 15ന് വിഷുദിനത്തിൽ കരീപ്ര വാക്കനാട് കൊമ്പൻ മുക്കിലുള്ള രാജേന്ദ്രൻ മേസ്തിരിയുടെ മകനും ഡി.വൈ.എഫ്.ഐ നെടുമൺകാവ് യൂനിറ്റ് പ്രസിഡന്റും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന ശ്രീരാജിനെ ഏഴംഗ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന് മുന്നിൽ പിതാവ് രാജേന്ദ്രൻ മേസ്തിരിക്കൊപ്പം തടിപ്പണി ചെയ്തുകൊണ്ടിരുന്ന ശ്രീരാജിനെ ബൈക്കുകളിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച പിതാവിനും മർദനമേറ്റു. ശ്രീരാജ് പ്രാണരക്ഷാർഥം സമീപത്തെ പ്രസാദിന്റെ വീട്ടിൽ അഭയം തേടി. ഇവിടെ വീടുവളഞ്ഞ് മുറ്റത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 സാക്ഷികളെയും 74 ഓളം ആയുധങ്ങൾ ഉൾപ്പെടെ 12 ഓളം മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാനായില്ല.
വിചാരണഘട്ടത്തിൽ വിവിധ സാക്ഷികൾ കൂറുമാറിയിരുന്നു. അഡ്വ. ഇ. ഷാനവാസ് ഖാനായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍. പ്രതികൾക്കുവേണ്ടി അഡ്വ. പ്രതാപചന്ദ്രൻ പിള്ളയും ആലപ്പുഴ ബാറിലെ അഡ്വ. പി. റോയിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.