ഓയൂർ: യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം. പൊലീസ് പറയുന്നത്: അനന്ദുവിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയൽപക്കത്താണ്. സഹോദരിയുടെ വീട്ടിൽ പോയ ഇയാൾ ശശിയുടെ മകളുമായി പരിചയപ്പെട്ട് പ്രണയത്തിലായി. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കി.
ശശിധരൻ പൂയപ്പള്ളി പൊലീസിൽ അനന്ദുവിനെതിരെ പരാതി നൽകി. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർപ്പാക്കിവിട്ടു. എന്നാൽ, അനന്ദു വാങ്ങിനൽകിയ ഫോൺ ഉപയോഗിച്ച് ഇരുവരും ബന്ധം തുടർന്നു. ഇത് മനസ്സിലാക്കിയ ശശിധരൻ കഴിഞ്ഞ ദിവസം രാത്രി 10.30 ന് അനന്ദുവിന്റെ വീടിന് സമീപമെത്തി ഒളിച്ചിരുന്നു.
വീടിന് പുറത്തിറങ്ങിയ അനന്ദുവിന്റെ കാലിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും ശശിധരൻ വെട്ടികത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അനന്ദു കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ശശിധരൻ ഒളിവിലാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.