ഓയൂർ: വെളിയം പടിഞ്ഞാറ്റിൻകരയിൽ വീട്ടിൽ നിന്ന് 35000 രൂപ വിലയുള്ള വിദേശ ഇനം നായ്ക്കുട്ടിയെയും 400 കിലോ തൂക്കമുള്ള റബർ ഷീറ്റുകളും മോഷ്ടിച്ചതുൾപ്പെടെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ മൂന്ന് പേരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
ഓടനാവട്ടം തുറവൂർ അജയ മന്ദിരത്തിൽ ശ്രീകുമാർ (27), അഞ്ചൽ വക്കം മുക്ക് ബിനീഷ് ഭവനിൽ ബിനീഷ് (19), അഞ്ചൽ അലയമൺ സരസിൽ രാഹുൽ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെളിയം പടിഞ്ഞാറ്റിൻകരയിൽ നടന്ന മോഷണത്തെത്തുടർന്ന് പൂയപ്പള്ളി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വീടിന് സമീപത്ത് കൂടി നീല ഓൾട്ടോ കാർ കടന്നുപോകുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു.
കാറിന്റെ ഉടമസ്ഥൻ ശ്രീകുമാറാണെന്ന് കണ്ടെത്തി. ശ്രീകുമാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഉൾപ്പെടെ ജില്ലയിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പ്രതിയാണെന്നറിഞ്ഞ് പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
ശ്രീകുമാറിന് ബിനീഷുമായി അടുപ്പമുള്ളതായി മനസ്സിലാക്കി. ഇവർ അഞ്ചൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് ബെക്ക് മോഷ്ടിച്ച് തമിഴ്നാട്ടിലെ കടയനല്ലൂർ എന്ന സ്ഥലത്ത് കൊണ്ടുപോയി പൊളിച്ച് വിൽക്കുന്നതിനായി കൊടുത്തു. അവിടെ നിന്ന് പളനിക്ക് പോയി.
പൂയപ്പള്ളി പൊലീസ് ഇവരെ പിന്തുടർന്ന് പളനിയിലും പരിസരപ്രദേശങ്ങളിലും അഞ്ച് ദിവസം തങ്ങിയെങ്കിലും രക്ഷപ്പെട്ടു. അവിടെ നിന്നു തിരുവനന്തപുരത്തെത്തി മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചു. പിന്നീട് സംഘം കൊട്ടാരക്കരയിൽ എത്തി വീട്ടിൽനിന്ന് റബർ ഷീറ്റുകൾ മോഷ്ടിച്ച് കടന്നു.
ശ്രീകുമാർ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി സാഹസികമായി പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെട്ടു. ഇവിടെനിന്ന് മുങ്ങിയ ഇയാളും കൂട്ടാളികളും സമാനമായ രീതിയിൽ മോഷണം നടത്തുന്നതിനിടയിലാണ് അഞ്ചൽ പൊലീസിന്റെ പിടിയിലാകുന്നത്.
ശ്രീകുമാർ അംഗപരിമിതനാണെങ്കിലും ആരോഗ്യദൃഢഗാത്രനാണ്. കാർ, ഓട്ടോ റിക്ഷ, ബൈക്കുകൾ തുടങ്ങിയ ഏത് വാഹനങ്ങളും നിമിഷങ്ങൾക്കകം കുത്തിത്തുറക്കുന്നതിന് വിദഗ്ദ്ധനാണ് ശ്രീകുമാർ. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ വാഹന മോഷണങ്ങളിലും, വീട് കുത്തിത്തുറന്നുള്ള മോഷണങ്ങൾക്കും നിരവധി കേസുകൾ നിലവിലുണ്ട്.
അഞ്ചൽ പൊലീസിന്റെ പക്കൽനിന്ന് പൂയപ്പള്ളി പൊലിസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വെളിയം പടിഞ്ഞാറ്റിൻകരയിൽ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.