ഓയൂർ: ക്ഷേത്രത്തിൽനിന്ന് ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. മീയ്യണ്ണൂർ കൊട്ടറ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽനിന്ന് ചൊവ്വാഴ്ച പട്ടാപ്പകലാണ് 15 ഓട്ടുവിളക്കുകൾ പ്രതികൾ മോഷ്ടിച്ചത്. മീയ്യണ്ണൂർ ശാന്തിപുരം കല്ലുവിള വീട്ടിൽ ഇർഫാൻ എന്ന ഷെഫീക്ക് (32), കൊട്ടറ മുണ്ടപള്ളിയിൽ വീട്ടിൽ ജിജു (31) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ അരുൺ ഓടിരക്ഷപ്പെട്ടു.
ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം 15 ഓട്ടുവിളക്കുകൾ നടപ്പന്തലിലെ ഡെസ്ക്കിൽ വെച്ചിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചോടെ കഴകം എത്തിയപ്പോൾ നിലവിളക്കുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ക്ഷേത്രം സെക്രട്ടറിയെ വിവരമറിയിക്കുകയും പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കേസെടുത്ത പൂയപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപപ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മീയ്യണ്ണൂർ ഓട്ടോസ്റ്റാൻഡിലെ ഓട്ടോയെ ക്ഷേത്രപരിസരത്ത് സംശയകരമായി കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ ഓയൂർ മീയ്യന ഭാഗത്തു നിന്ന് പൊലീസ് ഇവരെ പിടികൂടി. ഓട്ടോയും മോഷണ വസ്തുക്കളും കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി എസ്.എച്ച്.ഒ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ അഭിലാഷ്, ജയപ്രദീപ്, ബേബി ജോൺ, എ. എസ്.ഐമാരായ അനിൽകുമാർ, ചന്ദ്രകുമാർ, സി.പി.ഒമാരായ അൻവർ, മധു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.