ഓയൂർ: വെളിയം കളപ്പില, വാപ്പാല വാർഡുകളിൽ കാട്ടുപന്നി ശല്യം വർധിച്ചതിനാൽ കർഷകർ കൃഷി ഉപേക്ഷിച്ചു. 50ഓളം വരുന്ന കാട്ടുപന്നികൾ രാത്രിയിൽ കൂട്ടത്തോടെയെത്തിയാണ് കൃഷി നശിപ്പിക്കുന്നത്. മേഖലയിലെ നൂറോളം കർഷകർ കൃഷി ഉപേക്ഷിച്ച നിലയിലാണ്. പരുത്തിയറ പുല്ലാഞ്ഞിക്കാട് വേട്ടക്കോട് ഏല, കളപ്പിലകോണത്ത് മുക്ക് ഏല എന്നിവിടങ്ങളിൽ കൃഷി പൂർണമായും നശിപ്പിച്ചു.
വാഴ, പച്ചക്കറി, ചേന, ചേമ്പ്, മരച്ചീനി എന്നിവ ഇല്ലാതാക്കി. ഇതോടെ, വെളിയം, ഓടനാവട്ടം മേഖലയിലെ കർഷക വിപണിയിൽ കാർഷിക ഉൽപന്നങ്ങൾ എത്തിക്കാൻ കഴിയുന്നില്ല. ആൾതാമസമില്ലാത്ത വാപ്പാല പ്രദേശങ്ങൾക്ക് പുറമെ കായില, ചെപ്ര വാർഡുകളിലെയും കർഷകർ ദുരിതംനേടുകയാണ്.
മിക്ക കർഷകരും ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷികൾ ചെയ്തത്. ഇപ്പോൾ കൃഷി പൂർണമായും നിർത്തി മറ്റ് തൊഴിലുകൾ നോക്കേണ്ട അവസ്ഥയാണ്. ജില്ലയിലെ പ്രധാന കർഷക വിപണിയിലൊന്നാണ് വെളിയം. എന്നാൽ, പഞ്ചായത്തിലെ കർഷകർക്ക് കാട്ടുപന്നി ശല്യംമൂലം കൃഷി ചെയ്യാനോ വിപണനം നടത്താനോ കഴിയാത്ത അവസ്ഥയാണ്.
കർഷകർ വെളിയം പഞ്ചായത്തിൽ പരാതി നൽകിയപ്പോൾ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള തോക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഇതിനാൽ വനം വകുപ്പ് അധികൃതർ കാട്ടുപന്നിയെ പിടികൂടി കാടുകളിൽ വിടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.