ഓയൂർ: പൊലീസിനെ വട്ടംചുറ്റിച്ച് വിദഗ്ധമായി മുങ്ങുന്ന വധശ്രമ കേസ് പ്രതി അറസ്റ്റിൽ. കൊല്ലം കാവനാട് സ്വദേശിയും ഇപ്പോൾ മീയ്യണ്ണൂർ വെളിച്ചിക്കാല ജാസ്മിൻ മൻസിലിൻ വാടകയ്ക്ക് താമസിക്കുന്ന അസിം (27) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി സി.ഐ രാജേഷും സംഘവും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ മരുതമൺ പള്ളി പായ്കെവിള വീട്ടിൽ സേതുരാജ് (55) നെ വീട് കയറി ആക്രമിച്ച കേസിലാണ് അസിം അറസ്റ്റിലായത്.
ഒരു വർഷം മുമ്പ് അതിർത്തി തർക്കത്തെത്തുടർന്ന് ബന്ധുവായ ജലാധരൻ (38) എന്നയാളെ സേതുരാജ് മരുതമൺപള്ളി ജങ്ഷനിൽ വെച്ച് പട്ടാപ്പകൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഈ കേസിൽ സേതുരാജ് റിമാൻറിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെ ഗൾഫിൽ പോയ ജലാധരൻ (38) സേതുവിനെ കൊല്ലാൻ അവിടെ നിന്ന് അസിമിനും സംഘത്തിനും ക്വട്ടേഷൻ നൽകി. ക്വട്ടേഷൻ നൽകിയ വിദേശത്തുള്ള ജലാധരനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിന്‍റെ അടുത്ത ദിവസമായ 2020 ഒക്ടോബർ 18ന് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സേതുവിനെ അസിമും സംഘവും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം അസിം ഒളിവിൽ പോയി.
മറ്റ് ആറ് പ്രതികളായ സുമേഷ് (31), തിലജൻ (38), ജലജൻ (39), നിഥിൻ (32), വിപിൻ (32), നൗഫൽ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമം നടത്തിയ ശേഷം കടലിൽ മീൻ പിടിക്കാൻ പോവുകയാണ് പതിവ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഇയാൾ ബംഗളൂരു, സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച് വരുകയായിരുന്നു. ഇതിനിടെ വെളിച്ചിക്കാലയിലുള്ള ഇയാളുടെ വീടിന്‍റെ പരിസരത്ത് വെച്ച് പൂയപ്പള്ളി പൊലീസ് നാല് തവണയാണ് പിടികൂടാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. പൊലീസ് മഫ്ത്തിയിൽ പോയിട്ടും വിദഗ്ധമായാണ് പ്രതി രക്ഷപ്പെട്ടിരുന്നത്.
പ്രതി ഉണ്ടെന്ന വിവരം ലഭിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ അസിമിന്‍റെ വീട് പൊലീസ് വളഞ്ഞിരുന്നു. ഇതിനിടെ വീടിനുള്ളിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് പേർ ഇറങ്ങി ഓടി. പൊലീസ് പ്രതിയാണെന്ന് കരുതി ഓടിയവരെ പിടികൂടുമ്പോൾ അസിം വീടിനുള്ളിൽ സുരക്ഷിതനായി ഇരിക്കുകയോ മറ്റ് വഴികളിലൂടെ രക്ഷപ്പെടുകയോ ചെയ്യുകയാണ് പതിവ്. പല തവണയും പൊലീസിനെ ഇതേ രീതിയിൽ കബളിപ്പച്ചാണ് പ്രതി രക്ഷപ്പെട്ടിരുന്നത്.
മൂന്ന് മാസമായി പൊലീസ് ഇയാളെ പിന്തുടർന്ന് കൊണ്ടിരിക്കുകയായിരുന്നു. വീട്ടിൽ വരുന്നതും പുറത്ത് പോകുന്നതുമെല്ലാം മഫ്ത്തി പൊലീസ് നിരീക്ഷിച്ച് വന്നു. കഴിഞ്ഞ ദിവസം വീട് വളഞ്ഞപ്പോൾ സുഹൃത്തുക്കൾ ഓടിയെങ്കിലും വീടിനുള്ളിൽനിന്ന് ഭാര്യയുടെയും മകളുടെയും ഇടയിൽ നിന്ന് ബലപ്രയോഗത്തിലൂടെ പിടികൂടി.
പ്രതിയെ സേതുരാജിന്‍റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണനല്ലൂർ, ചാത്തന്നൂർ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പൂയപ്പള്ളി സി.ഐ. രാജേഷ് കുമാർ, എസ്.ഐ. അഭിലാഷ്, എ.എസ്.ഐ.മാരായ ശ്രീലാൽ, രാജേഷ്, എസ്.സി.പി.ഒമാരായ ലിജു വർഗ്ഗീസ്, മധു, അനീഷ്, അൻവർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.