യമഹ ആർ.എക്സ് 100 ബൈക്കിൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ

ഓയൂർ: യമഹയുടെ ബൈക്കിൽ ബജാജ് എൻജിൻ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മരുതമൺപള്ളി കാറ്റാടി ആശിഷ് വില്ലയിൽ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.

ആറ് മാസം മുൻപ് ചാത്തന്നൂർ ഇടനാട് പുഷ്പ വിലാസം വീട്ടിൽ ജി. ചാക്കോയ്ക്ക് ആശിഷ് തന്‍റെ ഉടമസ്ഥതയിലുള്ള യമഹ ആർ.എക്സ് 100 ബൈക്ക് 73,000 രൂപയ്ക്ക് വിറ്റിരുന്നു. ഇദ്ദേഹം വാഹനം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ബൈക്കിൽനിന്നും ഇന്ധന ചോർച്ച ഉണ്ടായി. തുടർന്ന് വർക് ഷോപ്പിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാകുന്നത്. ആർ.സി ബുക്കിൽനിന്നും എൻജിൻ നമ്പറും ചേസിസ് നമ്പറും വ്യത്യസ്തമാണെന്ന് മനസിലായതോടെ ആഷിഷുമായി ബന്ധപ്പെട്ടെങ്കിലും ഇയാൾ മുങ്ങി.

ആശിഷ് ബൈക്ക് തിരികെ വാങ്ങാതിരിക്കുകയും പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ചാക്കോ കൊല്ലം ആർ.ടി ഓഫീസിൽ പരാതി നൽകി. യമഹയുടെ എൻജിൻ മാറ്റിയ ശേഷം ബജാജിന്‍റെ എൻജിൻ ഘടിപ്പിച്ച് നമ്പർ ഇയാൾ പഞ്ച് ചെയ്യുകയായിരുന്നു. ഇതോടെ പൂയപ്പള്ളി പൊലീസിലും പരാതി നൽകി.

പൊലീസ് അന്വേഷണം അറിഞ്ഞ് ആശിഷ് ഒളിവിൽ പോയി. ശേഷം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. കോടതി അപേക്ഷ തള്ളി. പിന്നാലെ ഒളിവിൽ കഴിഞ്ഞ പ്രതിയെ വ്യാഴാഴ്ച പൂയപ്പള്ളി സി.ഐ. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചനാകുറ്റത്തിന് കേസെടുത്ത ആശിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Young man arrested for Yamaha RX100 bike sale with Bajaj engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.