പറവൂർ: സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ നവവധു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റതായി പരാതി. പറവൂർ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളത്തെ ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനത്തിന് ഇരയായത്. പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലുമായുള്ള ഇവരുടെ വിവാഹം കഴിഞ്ഞ അഞ്ചിനായിരുന്നു. പന്നിയൂർക്കുളം മാട്രിമോണിയൽ മുഖേന ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹിതരായത്. വിവാഹത്തിന്റെ ഏഴാംനാൾ അടുക്കളകാണൽ ചടങ്ങിന് പലഹാരങ്ങളും സമ്മാനങ്ങളുമായി 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്.
കാര്യമന്വേഷിച്ച വീട്ടുകാരോട് ശൗചാലയത്തിൽ തെന്നിവീണെന്നാണ് പെൺകുട്ടി പറഞ്ഞത്. അങ്ങനെ പറയാൻ പെൺകുട്ടിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നെന്നും വിശദമായി ചോദിച്ചപ്പോഴാണ് ക്രൂരമർദനത്തിന്റെ കഥയറിഞ്ഞതെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. രാഹുൽ ബെൽറ്റ്കൊണ്ട് അടിച്ചെന്നും മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിച്ചെന്നും യുവതിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാർ ചെല്ലുന്നതിന്റെ തലേന്നാണ് മർദനം ഉണ്ടായതെന്ന് പറയുന്നു.
പെൺകുട്ടിയെ ഫറോക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം 26 അംഗ സംഘം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, പൊലീസ് ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് മോശം ഇടപെടലാണ് ഉണ്ടായതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഉച്ചക്ക് ഒന്നിന് സ്റ്റേഷനിലെത്തിയ ഇവർ രാത്രി ഏഴിനുശേഷമാണ് പറവൂരിലേക്ക് തിരിച്ചത്. തങ്ങൾ പറവൂരിലേക്ക് തിരിക്കുംമുമ്പേ രാഹുലിനെ സ്റ്റേഷനിൽനിന്ന് വിട്ടയച്ചെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് പെൺകുട്ടിയുമായി പറവൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. പെൺകുട്ടിയെ പിറ്റേന്ന് പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൗൺസലിങ്ങിനും വിധേയയാക്കി.
കോട്ടയം സ്വദേശികളായ രാഹുലിന്റെ കുടുംബം നാലരവർഷം മുമ്പാണ് പന്നിയൂർക്കുളത്ത് താമസമാക്കിയത്. ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. തിരുവനന്തപുരത്ത് ഐ.ടി കമ്പനിയിൽ എൻജിനീയറാണ് യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.