പരവൂർ: നഗരസഭയായി മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടാനാകാതെ പരവൂർ തെക്കുംഭാഗം. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനും യോജിച്ച പദ്ധതികൾ ആവിഷ്കരിക്കാനും നഗരം ഭരിച്ചവർ തയാറായില്ല.
പ്രകൃതി മനോഹരമാണ് പരവൂർ തെക്കുംഭാഗം ബീച്ച്. കായലും കടലും ചേരുന്ന തെക്കുംഭാഗത്തിന്റെ തീരഭംഗി സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഉദയാസ്തമയങ്ങൾ കാണാൻ കന്യാകുമാരിക്ക് സമാനമായ സാധ്യത ഇവിടെയുണ്ട്. തിര കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണ് ഇവിടെയെത്തുന്നത്. വർക്കലയിൽ നിന്ന് ഏറെ അകലെയല്ലാത്തതിനാൽ വിദേശികൾ ധാരാളമായി എത്താറുണ്ട്. പക്ഷേ, അതൊന്നും പ്രയോജനപ്പെടുത്താൻ ഭരണനേതൃത്വങ്ങൾക്ക് കഴിയുന്നില്ല.
മുഖ്യമന്ത്രിയായിരിക്കെ, തെക്കുംഭാഗത്ത് പരിപാടിക്കെത്തിയ കെ.കരുണാകരൻ, ഇവിടം കോവളത്തെക്കാൾ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ഫിഷ്ലാൻഡിങ് സെന്ററിന് തറക്കല്ലിട്ടാണ് അദ്ദേഹം മടങ്ങിയത്. അത് അനാഥമായി തീരത്തു തന്നെയുണ്ട്. ഫിഷറീസ് വകുപ്പിന്റെ ഓഫിസ് വർഷങ്ങൾക്കുമുമ്പ് പ്രവർത്തനം ആരംഭിച്ചെങ്കിലും തുറന്നുകണ്ടിട്ടുള്ളവർ അപൂർവം.
മന്ത്രിയായിരുന്ന സി.വി.പത്മരാജൻ മുൻകൈയെടുത്താണ് തീരത്തോടുചേർന്ന് ലേക് സാഗർ ബീച്ച് റിസോർട്ട് തറക്കല്ലിട്ടത്. ഭരണം മാറിയപ്പോൾ ശിലാഫലകം പിഴുത് കായലിലെറിഞ്ഞു. ഇതിനിടെ, വൻതുക ചെലവിട്ട് ടൂറിസം വകുപ്പ് ബീച്ച് റിസോർട്ട് നിർമിച്ചു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ സ്പീഡ് ബോട്ടും പെഡൽ ബോട്ടുകളും കുട്ടവഞ്ചികളും വാങ്ങി കുറച്ചുനാൾ പ്രവർത്തിപ്പിച്ചു. പിന്നീട്, പൂട്ടിയ റിസോർട്ട് വാടകക്ക് കൊടുത്തെങ്കിലും ഫലവത്തായില്ല.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഈ കെട്ടിടം കായലിൽ അഭ്യാസ പ്രകടനങ്ങൾെക്കത്തുന്ന വായുസേനാധികൃതരുടെ കൈയിലാണെന്ന് പരിസരവാസികൾ പറയുന്നു. എന്നാൽ, റിസോർട്ട് വളപ്പിൽ സ്വകാര്യ ബോട്ട് ക്ലബും പ്രവർത്തിക്കുന്നുണ്ട്.
വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് മുമ്പ് കായലിൽ വള്ളംകളിയും ഘോഷയാത്രയുമടക്കം നടത്തിയ നഗരസഭ പിന്നീടെല്ലാം മറക്കുകയായിരുന്നു. ഇരിക്കാൻ തീരത്തുറപ്പിച്ച കുറെ സിമന്റ് ബെഞ്ചുകളും മിക്കപ്പോഴും പ്രകാശിക്കാത്ത ഹൈമാസ്റ്റ്ലൈറ്റുമല്ലാതെ ഇന്നും സഞ്ചാരികൾക്കായി ഇവിടെ ഒന്നുമില്ല.
പരവൂർ കായൽപ്പാലം കടലാസിലൊതുങ്ങി
പരവൂർ നഗരത്തെയും മയ്യനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പരവൂർ കായലിൽ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരിശോധനകൾ കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും തുടർനടപടികളില്ല. പി.കെ.കെ. ബാവ ഇരവിപുരം മണ്ഡലത്തിലെ ജനപ്രതിനിധിയും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായിരിക്കുമ്പോഴാണ് പരവൂർ കായലിന് കുറുകെ പാലത്തിനുള്ള നടപടികളാരംഭിച്ചത്. ബജറ്റിൽ ഇതിന്റെ പഠനത്തിനാവശ്യമായ തുകയും വകയിരുത്തി. പഠനവും പ്രാരംഭനടപടികളും കഴിഞ്ഞെങ്കിലും തുടർനടപടികളുണ്ടായില്ല.
പുതിയ പാലത്തിനുള്ള നടപടികൾ ആരംഭിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പരവൂരിന്റെയും മയ്യനാട് പഞ്ചായത്തിന്റെയും കൊല്ലത്തിന്റെയും വലിയ വികസനക്കുതിപ്പാകുമായിരുന്ന പാലമാണ് ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. അടിക്കടി തകരുന്ന തീരദേശ റോഡിന് ബദലായ സഞ്ചാരപാതയാണ് ഇല്ലാതായത്.
ടൂറിസം രംഗത്തും പാലം വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് വിദഗ്ധർ പറയുന്നു. കൊല്ലത്തുനിന്ന് പരവൂർ വഴി വർക്കലയിലെത്താൻ 12 കിലോമീറ്ററോളം ദൂരം കുറയും. കൊല്ലത്തുനിന്ന് നിലവിൽ വർക്കലയിലെത്തണമെങ്കിൽ കൊട്ടിയം, പാരിപ്പള്ളി, പാളയംകുന്ന് വഴിയോ ദേശീയപാതയിൽ തിരുമുക്കിൽ നിന്ന് പരവൂർ, തെക്കുംഭാഗം, കാപ്പിൽ, ഇടവ വഴിയോ വേണം എത്താൻ. വർക്കല ബീച്ചിനെയും മുക്കം ബീച്ചിനെയും കൊല്ലം ബീച്ചിനെയും ബന്ധിപ്പിക്കുന്ന റോഡായും ഇത് മാറുമായിരുന്നു.
പരവൂർ കുറുമണ്ടൽ ധർമശാസ്താ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡും പുല്ലിച്ചിറ കാക്കോട്ടുമൂല റോഡും അവസാനിക്കുന്നത് പരവൂർ കായലിന്റെ ഇരുകരകളിലുമാണ്. രണ്ട് കരകളെയും ബന്ധിപ്പിച്ച് നിലവിൽ റെയിൽപാലം നിലവിലുണ്ട്. പരവൂരിൽനിന്ന് മാമൂട്ടിൽ റെയിൽപ്പാലം കടന്ന് മൂന്ന് മിനിട്ടുകൊണ്ടാണ് ട്രെയിനുകൾ മയ്യനാട്ടെത്തുന്നത്. ഇവിടെ അപ്രോച്ച് റോഡുകൾ നിലവിലുള്ളതിനാൽ വലിയ ചെലവും ഒഴിവാക്കാനാകും.
മുൻ തിരുകൊച്ചി മുഖ്യമന്ത്രി സി. കേശവന്റെയും സി.വി. കുഞ്ഞുരാമന്റെയും ജന്മനാടായ മയ്യനാടും കവി കെ.സി.കേശവപിള്ളയുടെയും സംഗീതചക്രവർത്തി ജി. ദേവരാജന്റെയും ജന്മനാടായ പരവൂരും പരവൂർ കായലിന് ഇരുവശത്തുമായാണ് സ്ഥിതിചെയ്യുന്നത്. പരവൂർ നഗരത്തെയും മയ്യനാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം കാലങ്ങളായി പ്രദേശവാസികളുടെ സ്വപ്നമാണ്.
കായലിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നു
കടലിൽനിന്ന് മണ്ണടിഞ്ഞ് പരവൂർ കായൽ നികരുന്നു. വർഷങ്ങളായി പരവൂർ കായലിൽ കടലിൽ വെള്ളത്തിനൊപ്പം മണലും വന്നടിയുന്നുണ്ട്. ഇതുമൂലം പരവൂർ കായലിന്റെ മധ്യ ഭാഗങ്ങളിൽ ചെറിയ ദ്വീപ് രൂപപ്പെട്ട് തുടങ്ങി.
പൊഴിക്കരയിലെ പൊഴി മുറിഞ്ഞാണ് കടൽ വെള്ളം വൻതോതിൽ കായലിലേക്ക് ഒഴുകുന്നത്. കായലിൽ നിലവിൽ ആഴവും കുറവാണ്. ആഴം കുറഞ്ഞ കായലിൽ നിലവിൽ മത്സ്യസമ്പത്ത് കുറവാണ്. കായലിൽ മണൽ നീക്കം ചെയ്താലും പൊഴിക്കര ചീപ്പിന്റെ ഷട്ടറുകൾ യഥാസമയം പ്രവർത്തിക്കാത്തതിനാൽ വീണ്ടും മണ്ണടിയും. ഷട്ടറുകൾ മാറ്റി പുതിയത് സ്ഥാപിക്കുകയാണ് വേണ്ടത്.
കായലിൽനിന്ന് മണൽ നീക്കം ചെയ്യണമെന്ന നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വലിയ വൃക്ഷങ്ങൾനിറഞ്ഞു നിൽക്കുകയാണ് പരവൂർ കായലിലെ ദ്വീപുകളിൽ. കായലിൽ നിന്നുള്ള മണൽ ഡ്രഡ്ജ് ചെയ്ത് കായലിൽ നിന്നുള്ള വെള്ളം കടലിലേക്ക് ഒഴുക്കിയാൽ പരവൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകും. ഒപ്പം ചെമ്മീൻ കർഷകരുടെ ദുരിതവും മാറും.
ചീപ്പ് പാലത്തിന്റെ ഷട്ടറുകൾ മാറ്റുന്ന നിർമാണ പ്രവർത്തികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. പരവൂർ നഗരസഭയും സ്ഥലം എം.എൽ.എയും ശ്രമിച്ചാൽ ലോക ടൂറിസം ഭൂപടത്തിൽ പരവൂരിനും സ്ഥാനംനേടാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.