പുനലൂർ: സ്കൂളിൽ പോകാൻ മതിയായ വാഹന സൗകര്യമില്ലാതെ അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിലെ എട്ട് കുട്ടികളുടെ പഠനം അവതാളത്തിൽ. എസ്റ്റേറ്റിൽനിന്ന് 18 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ പോയിവരാൻ ദിവസവും 1200 രൂപയാണ് ചെലവാകുന്നത്. ജീപ്പിൽ ദിവസവും രണ്ടുനേരം പോകുന്നതിനാണ് ഇത്രയും തുക നൽകേണ്ടിവരുന്നത്. ആര്യങ്കാവ് പഞ്ചായത്തിൽ വനമധ്യേയുള്ള ഒറ്റപ്പെട്ടതും വർഷങ്ങളായി അടഞ്ഞുകിടക്കുന്നതുമാണ് പ്രിയ എസ്റ്റേറ്റ്.
ഇവിടുള്ള കുട്ടികൾ 18 കിലോമീറ്റർ അകലെ നെടുമ്പാറ ഗവ. ടി.സി.എൻ.എം സ്കൂളിലാണ് പഠിക്കുന്നത്. കുട്ടികൾക്ക് പോയിവരാൻ നിലവിലുണ്ടായിരുന്ന ജീപ്പിന് രണ്ട് മാസത്തെ കൂലി കൊടുക്കാനുണ്ട്. കഴിഞ്ഞ ദിവസം മുതൽ വരുന്നില്ല. വണ്ടിയില്ലാതായതോടെ മൂന്നുദിവസമായി കുട്ടികൾ സ്കൂളിൽ പോകുന്നില്ല. യു.കെ. ജിമുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾ ഈ കൂട്ടത്തിലുണ്ട്. എല്ലാവരും നിർധനരായ തോട്ടംതൊഴിലാളികളുടെ മക്കളാണ്.
പ്രിയ എസ്റ്റേറ്റിൽനിന്ന് വനമധ്യത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും 36 കിലോമീറ്റർ ദൂരം ഇവർക്ക് സ്കൂളിൽ നടന്നെത്താനും കഴിയുന്നില്ല. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ഈ ഭാഗത്തേക്ക് ബസ് സർവിസ് ഉൾപ്പെടെ മറ്റ് വാഹന സൗകര്യങ്ങൾ ഇല്ല.
കുട്ടികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പി.എസ്. സുപാൽ എം.എൽ.എ ഇടപെട്ട് ഈ അധ്യായനവർഷം ആദ്യ ഒന്നരമാസം കുട്ടികളെ കൊണ്ടുപോകാൻ ജീപ്പ് ഏർപ്പെടുത്തിയിരുന്നു. പിന്നീട് അര മാസം കുട്ടികളുടെ രക്ഷാകർത്താക്കൾ ജീപ്പ് വാടക നൽകി. തുടർന്ന് രണ്ടു മാസത്തെ വാടക കൊടുക്കാതായതോടെ ജീപ്പും മുടങ്ങി.
എസ്റ്റേറ്റ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ രക്ഷാകർത്താക്കൾക്ക് കാര്യമായ വരുമാനമില്ല. തൊഴിലുറപ്പു ജോലിയും ചെറിയ കൂലിപ്പണി ചെയ്തുമാണ് ഇവർ കഴിയുന്നത്. താഴെയും മേലേയുമുള്ള എസ്റ്റേറ്റിൽ 25 ഓളം കുടുംബങ്ങളുണ്ട്. ഇത് കാരണം ഇവർക്ക് ദിവസവും 1200 രൂപ കണ്ടെത്തി കുട്ടികളെ സ്കൂളിലെത്തിക്കാൻ കഴിയുന്നില്ല. കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വാഹനസൗകര്യവുമില്ല. ഈനില തുടർന്നാൽ കുട്ടികളുടെ പഠനം പാതിയിൽ നിലയ്ക്കുന്ന അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.