അച്ചൻകോവിൽ കാനനപാത: ഇക്കുറിയും അയ്യപ്പതീർഥാടകർക്ക് ഉപകാരപ്പെടില്ല

പുനലൂർ: നവീകരണം എങ്ങുമെത്താത്തതിനാൽ അലിമുക്ക്-അച്ചൻകോവിൽ കാനനപാത ഇത്തവണയും ശബരിമല തീർഥാടകർക്ക് പ്രയോജനപ്പെടില്ല. തമിഴ്നാട് അടക്കം ഇതര സംസ്ഥാനങ്ങളിൽനിന്ന് അച്ചൻകോവിൽ ധർമശാസ്ത ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പന്മാർക്ക് ശബരിമലക്ക് വന്നുപോകാൻ കഴിയുന്ന കിഴക്കൻ മേഖലയിലെ പ്രധാന പാതയാണിത്.

ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ എത്തുന്നവർക്ക് പുനലൂർ ചുറ്റാതെ ഈ പാതയിലൂടെ വേഗത്തിൽ പത്തനാപുരത്തും കോന്നിയിലും എത്താനാകും.

പൂർണമായും വനത്തിലൂടെയും വനംവകുപ്പിെൻറ നിയന്ത്രണത്തിലുള്ള ഈ പാത ഏറെക്കാലമായി നാശത്തിലായിരുന്നു. 37 കിലോമീറ്റർ ദൂരംവരുന്ന ഈ പാതയിൽ കറവൂർ തൊടിക്കണ്ടം മുതലുള്ള 22 കിലോമീറ്ററോളം നവീകരിക്കാൻ വനംവകുപ്പ് പ്രത്യേക പദ്ധതി തയാറാക്കുകയായിരുന്നു.

നബാഡിൽനിന്ന്​ ഇതിനായി 13.85 കോടി രൂപ അനുവദിച്ചു. പുനലൂർ, അച്ചൻകോവിൽ, കോന്നി വനം ഡിവിഷനുകളുടെ നിയന്ത്രണത്തിൽ പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ മേൽനോട്ടം. ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച് 20 മാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. എന്നാൽ, ഉദ്ദേശിച്ചരീതിയിൽ നിർമാണ പുരോഗതി ഉണ്ടാകാത്തതിനാൽ ഈ മേഖലയിലെ നാട്ടുകാരും യാത്രാ ബുദ്ധിമുട്ടിലായി.

ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ വനം അധികൃതർ കരാറുകാരന് പലതവണ താക്കീത് നൽകിയിരുന്നു. മുമ്പ് നിർമാണം പൂർത്തിയാക്കിയതും ടാറിങ്ങിനായി മെറ്റൽ ഉറപ്പിച്ചതുമാണ്​. മിക്കയിടത്തും മെറ്റൽ ഇളകിയതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനങ്ങളെ വളരെ ദുരിതപ്പെടുത്തുന്നു. പാതയുടെ പലയിടങ്ങളിലും കോൺക്രീറ്റ് ചെയ്ത ഭാഗം ഒഴി​െകയുള്ളത് തകർന്നിട്ടുണ്ട്.

തുലാവർഷം ശക്തമാകുന്നതോടെ പൂർത്തിയാകാനുള്ള ഭാഗങ്ങളിൽ മണ്ണിടിച്ചിലും ഉറവ് രൂപപ്പെടലും കാരണം കൂടുതൽ നാശത്തിന് ഇടയാക്കും. ഇരുവശത്തും മുൾക്കാടുകളടക്കം പടർന്ന് പാതയിലേക്ക് കിടക്കുന്നു.

പാതയുടെ അപകടാവസ്ഥ കണക്കിലെടുത്ത് ഇത്തവണ ഇതുവഴിയുള്ള അയ്യപ്പ തീർഥാടകരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാൽ നിയന്ത്രണമുണ്ടാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.