പുനലൂർ: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ (എസ്.എച്ച്- 8) പുനലൂരിന് സമീപം മുക്കടവിൽ പാറക്കെട്ടുകളും വലിയ കുന്നുകളും അപകടഭീഷണി സൃഷ്ടിക്കുന്നു. കനത്ത മഴയായതോടെ ഈ ഭാഗത്ത് പലപ്പോഴും കുന്നിടിഞ്ഞും ഉയർന്ന ഭാഗത്ത്നിന്നും മരങ്ങൾ കടപുഴകിയും പാതയി വീളുന്നത് പതിവായി. മഴഴപയ്താൽ ഭയപ്പാടോടെയാണ് ഇതുവഴി യാത്രക്കാർ കടന്നുപോകുന്നത്. മലയോര ഹൈവേയുടെ ഭാഗമായ ഇതുവഴി ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു.
പാതയിൽ ഏറ്റവും അപകടമേറിയ മേഖലയാണ് മുക്കടവ് ഉൾപ്പെടുന്ന ഒരു കിലോമീറ്ററോളം ദൂരം. കൊടുംവളവും ഒരു വശത്ത് മുക്കടവ് ആറും മറുവശത്ത് റബർ എസ്റ്റേറ്റ് റോഡ് ചേർന്നുള്ള പാറക്കെട്ട് നിറഞ്ഞ വലിയ കുന്നുകളുമാണ്. ഇവിടെ പാലത്തിന്റെ മുന്നിലും പിന്നിലുമായി പലഭാഗവും അപകടാവസ്ഥയിലാണ്. പാതയുടെ വീതി കൂട്ടുന്നതിന് ഒരുവശത്തെ കുന്നുകൾ അശാസ്ത്രീയമായി ഇടിച്ചുനിരത്തിയതാണ് ഇപ്പോൾ വിനയായത്.
പുനലൂർ-മൂവാറ്റുപുഴ പാതയിൽ പുനലൂർ മുതൽ പൊൻകുന്നം വരെയുള്ള പാത കെ.എസ്.ടി.പി നവീകരിച്ചതിന്റെ ഭാഗമായാണ് പുനലൂരിനും കോന്നിക്കും ഇടയിലുള്ള 30 ഓളം കിലോമീറ്റർ നവീകരിച്ചത്. നാലുവർഷം മുമ്പാണ് 221.04 കോടി അനുവദിച്ച് നവീകരണം തുടങ്ങിയത്. ഒരുവർഷം മുന്നേ നവീകരണം ഭൂരിഭാഗവും പൂർണമായി. പാത നവീകരണത്തിന് ചരിവിൽ കുന്നുകൾ ഇടിക്കേണ്ടതിന് പകരം ചെങ്കുത്തായാണ് ഇടിച്ചത്. 75 മീറ്റർ വരെ ഉയരമുള്ള കുന്നുകളുണ്ടിവിടെ. അശാസ്ത്രീയമായി പൊട്ടിച്ച പല പാറകളും പാതയിലേക്ക് പതിക്കുന്ന നിലയിലാണ്. ഇവക്കിടയിലൂടെ നീരുറവുകളും ഒഴുകുന്നു.
ശക്തമായ മഴയിൽ പാറയും മണ്ണും ഉൾപ്പെടെ പാതയിലേക്ക് പതിക്കും. ആറ്റിലെ രണ്ട് കുളിക്കടവുകളിലാണ് ചരക്ക് ലോറികളിെല തൊഴിലാളികളും നാട്ടുകാരും കുളിക്കാനെത്തുന്നത്. ഇതുകാരണം എല്ലായ്പ്പോഴും ഇവിടെ തിരക്കാണ്. ശബരിമല സീസണിൽ ഇതുവഴിയുള്ള തീർഥാടകരുടെ പ്രധാന കുളിക്കടവും വിശ്രമകേന്ദ്രവുമാണിത്. പാതക്ക് സംരക്ഷണഭിത്തി നിർമിക്കുമെന്ന് മുമ്പ് കെ.എസ്.ടി.പി അധികൃതർ പറഞ്ഞിരുന്നെങ്കിലും മറ്റ് നടപടി സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.