പുനലൂർ: സർക്കാർ പരിഗണനയില്ലാതായതോടെ സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ ആര്യങ്കാവിൽ അനുവദിച്ച ചെക്പോസ്റ്റ് ഭക്ഷ്യസുരക്ഷ വകുപ്പ് ഉപേക്ഷിക്കുന്നു. പരിശോധന പ്രായോഗികമല്ലാത്തതും ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതടക്കം വർഷങ്ങൾ പിന്നിട്ടിട്ടും സർക്കാർ ചെയ്യാത്തതും കണക്കിലെടുത്താണ് ചെക്പോസ്റ്റ് പ്രവർത്തനം ഉപേക്ഷിക്കുന്നത്. പകരം സീസൺ കാലങ്ങളിൽ നടത്തുന്ന പരിശോധന തുടരാനാണ് നീക്കം. ഈ ആവശ്യത്തിന് ജി.എസ്.ടിയുടെ കെട്ടിടം തുടർന്നും വിട്ടുകിട്ടിയാൽ ഉപയോഗിക്കും.
ചെക്പോസ്റ്റ് സംവിധാനം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല അധികൃതർ വിവരം സംസ്ഥാന കമീഷണറെ അറിയിച്ചു. ഇത്രയുംകാലം ചെക്പോസ്റ്റ് പ്രവർത്തിപ്പിക്കാത്തതിനാൽ കെട്ടിടം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പ് നേരത്തേ ഭക്ഷ്യസുരക്ഷ വകുപ്പിന് കത്ത് നൽകിയിരുന്നു.
കേരളത്തിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ സ്ഥിരമായ പരിശോധനക്കായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ അവസാനകാലത്താണ് എല്ലാ അതിർത്തികളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ചെക്പോസ്റ്റ് അനുവദിച്ചത്. ഇക്കൂട്ടത്തിലാണ് തമിഴ്നാട് അതിർത്തിയായി വരുന്ന ആര്യങ്കാവിലും ചെക്പോസ്റ്റ് തീരുമാനിച്ചത്. ഇതിനായി ജി.എസ്.ടിയുടെ പഴയ കെട്ടിടം അനുവദിച്ചു. വൻതുക മുടക്കി കെട്ടിടം ഭക്ഷ്യസുരക്ഷ വകുപ്പ് നവീകരിച്ചു. ബോർഡ് ഉൾപ്പെടെ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ചെക്പോസ്റ്റ് പ്രഖ്യാപിച്ചതല്ലാതെ ഇതുവരെയും സർക്കാർ നോട്ടിഫിക്കേഷൻ ചെയ്തിട്ടില്ല. കൂടാതെ ചെക്പോസ്റ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നതിനോ, ലാബോറട്ടറി, വാഹനങ്ങൾ തടഞ്ഞ് നിർത്താൻ ബാരിക്കേട് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുന്നതിനോ സർക്കാർ തയാറായില്ല. ഇതുകാരണം ഇതുവരേയും ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചില്ല.
മൂന്നു ഷിഫ്റ്റിലായി 20 ജീവനക്കാരെങ്കിലും വേണ്ടിവരും ചെക് പോസ്റ്റ് പ്രവർത്തിപ്പിക്കാൻ. ജീവനക്കാരുടെ തസ്തികയും അനുവദിച്ചിട്ടില്ല. ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്നത് പരിശോധിക്കാൻ ഒരതിർത്തിയിലും ചെക്പോസ്റ്റ് രാജ്യത്ത് ഇല്ലെന്നും ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നു. നിലവിൽ ഓണംപോലുള്ള ഉത്സവ സീസണുകളിൽ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്താറുണ്ട്. ജില്ലയിലെ മറ്റ് താലൂക്കുതലത്തിലുള്ള ജീവനക്കാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചാണ് ഈപരിശോധന നടത്തുന്നത്. ഇത് പലപ്പോഴും അതത് സ്ഥലങ്ങളിലെ പരിശോധനക്ക് തടസ്സമാകുന്നതായും ആക്ഷേപമുണ്ട്.
മതിയായ ജീവനക്കാരില്ലാതെയാണ് പലയിടത്തും ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. ഇതിനിടയിൽ അതിർത്തിയിലെ പരിശോധനക്ക് ഇവരെ നിയമിക്കുന്നതോടെ എല്ലാംതാളംതെറ്റുമെന്ന് അധികൃതർ പറഞ്ഞു. ദേശീയപാതയിൽ വാഹന പരിശോധനക്ക് പുതിയ ബാരിക്കേട് സ്ഥാപിക്കുന്നതിനും ഒട്ടേറെ നൂലാമാലുകളുണ്ട്. ബാരിക്കേഡ് ഇല്ലാതെ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് സുരക്ഷിതവും പ്രായോഗികവുമല്ല.
ആര്യങ്കാവിൽ നിലവിൽ എക്സൈസ്, മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിനോട് അനുബന്ധിച്ച് വാഹന പരിശോധനക്ക് ബാരിക്കേഡ് ഉണ്ട്. ഭക്ഷ്യസുരക്ഷ അധികൃതർ ഇടക്കിടെയുള്ള പരിശോധനക്ക് എത്തുമ്പോഴും ഇവിടെ കേന്ദ്രീകരിച്ചാണ് വാഹനങ്ങൾ പരിശോധിക്കുന്നത്. തെക്കൻ ജില്ലകളിൽ ആവശ്യമായ പച്ചക്കറി, പഴവർഗങ്ങൾ മത്സ്യം-മാംസം, പലവ്യഞ്ജനം തുടങ്ങിയവ തമിഴ്നാട്ടിൽനിന്ന് എത്തിക്കുന്നത് ആര്യങ്കാവ് വഴിയാണ്.
നിലവിൽ പാൽ പരിശോധന കേന്ദ്രം ഇവിടുണ്ട്. മറ്റൊന്നും പരിശോധനയില്ലാതെയാണ് ഇവിടെ എത്തിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറി ഉൽപാദിപ്പിക്കുന്നത് മാരകമായ കീടനാശിനി ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്.
തമിഴ്നാട്ടിൽനിന്ന് ഫോർമലിൻ ചേർത്ത് എത്തിക്കുന്ന മത്സ്യവും പരിശോധിക്കാൻ സംവിധാനമില്ല. മുൻവർഷങ്ങളിൽ ലോഡ് കണക്കിന് മത്സ്യം ആര്യങ്കാവിലും മറ്റു മാർക്കറ്റുകളിൽ നിന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പിടികൂടി നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.