പുനലൂർ: അതിർത്തി മലയോരമേഖലയിൽ അതിശക്തമായ മഴയെ തുടർന്ന് പലയിടങ്ങളും വെള്ളത്തിലായി. പുളിയറ, ചെങ്കോട്ട, തെങ്കാശി പട്ടണങ്ങളിൽ വെള്ളംകയറി. പലയിടത്തും റോഡ് ഗതാഗതം മണിക്കൂറോളം മുടങ്ങി. ഒരിടത്തും ആളാപയമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തെന്മല പരപ്പാർ ഡാമിലും വെള്ളം ഉയർന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലരുവി, അച്ചൻകോവിൽ കുംഭാവുരുട്ടി, കുറ്റാലം വെള്ളച്ചാട്ടങ്ങൾ കവിഞ്ഞൊഴുകുന്നതിനാൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ അഞ്ചോടെ ആരംഭിച്ച മഴ വെള്ളിയാഴ്ച വൈകീട്ടും പലയിടത്തും ശക്തമായി തുടർന്നു.. അച്ചൻകോവിലാർ കരകവിഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. അലിമുക്ക്-അച്ചൻകോവിൽ റോഡിൽ തുറയിലും ചിറ്റാർ ഭാഗത്തും വെള്ളം ഉയർന്നതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം വെള്ളിയാഴ്ച രാവിലെ പുനലൂരിൽനിന്ന് അച്ചൻകോവിലേക്ക് പോയ ബസുകൾ പാതിവഴിക്ക് യാത്ര അവസാനിപ്പിച്ച് മടങ്ങി.
കഴുതുരുട്ടി ആറ് കരകവിഞ്ഞ് ആറുമുറിക്കട ഭാഗത്ത് വെള്ളം കയറിയനിലയിൽ
ആറ്റുവെള്ളം റോഡിലേക്കുകയറി മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസ്സമുണ്ടായി. വൈകീട്ട് വെള്ളം മാറിയതിനുശേഷമാണ് യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയത്. കരുതുരുട്ടിയാർ കരകവിഞ്ഞതിനാൽ ആറുമുറിക്കട, കഴുതുരുട്ടി തടയണ എന്നിവിടങ്ങളിൽ താഴ്ന്നഭാഗത്ത് വെള്ളം കയറി. ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. ആറ്റിലൂടെയുള്ള കുത്തൊഴുക്ക് ഉരുൾപൊട്ടിയതാണെന്നുള്ള ധാരണയിൽ ജനങ്ങൾ ആശങ്കയിലായി.
വൈകീട്ട് മഴക്ക് ചെറിയ ശമനംവന്നശേഷമാണ് ആറ്റിലെ ജലനിരപ്പ് താഴ്ന്നത്. റോസ്മലയിൽനിന്ന് രാവിലെ ആര്യങ്കാവിലേക്കുവന്ന കെ.എസ്.ആർ.ടി.സി ബസ് ചപ്പാത്തിൽ വെള്ളം ഉയർന്നതോടെ ഉച്ചവരെ റോഡിൽ നിർത്തിയിട്ടു. പുളിയറക്ക് സമീപം കുളം തകർന്നതിനെതുടർന്ന് പുളിയറ, ചെങ്കോട്ട ഭാഗങ്ങളിൽ ദേശീയപാതയിലടക്കം രാവിലെ വെള്ളം കയറി. ചെങ്കോട്ടക്ക് സമീപം റെയിൽവേ ട്രാക്കിലും വെള്ളം കയറി. ഉച്ചവരെ ദേശീയപാതയിലും അച്ചൻകോവിൽ-ചെങ്കോട്ട പാതയിലും ഗതാഗതം തടസ്സപ്പെട്ടു.
കുറ്റാലത്തെ അരുവികൾ കരകവിഞ്ഞ് തെങ്കാശി പട്ടണവും സമീപപ്രദേശങ്ങളും വെള്ളത്തിലായി. പുളിയറയിൽ താഴ്ന്നപ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അച്ചൻകോവിൽ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടതിനാൽ ശബരിമല തീർഥാടകരടക്കം യാത്രക്കാർ ബുദ്ധിമുട്ടി.അച്ചൻകോവിലിൽ ആറ് കരകവിഞ്ഞൊഴുകുന്നതിനാൽ മറുകരയുള്ള ആവണിപ്പാറയും ആദിവാസി നഗറും വടക്കേക്കരയിലുള്ളവരും ഒറ്റപ്പെട്ടു.
പുളിയറയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ
പാലങ്ങൾ ഇല്ലാത്തതിനാൽ വെള്ളം കുറഞ്ഞാലേ ഇവർക്ക് അച്ചൻകോവിലിൽ എത്താനാകൂ. അതേസമയം, ഉൾവനങ്ങളിൽ പലയിടത്തും ഉരുൾപൊട്ടിയതായി സംശയമുണ്ട്. പൊലീസടക്കം അധികൃതർ അച്ചൻകോവിലിൽ അതി ജാഗ്രതയിലാണ്. രാത്രിയിൽ മഴ ശക്തമായാൽ ഇവിടങ്ങളിലെ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ പലയിടങ്ങളും ഉരുൾപൊട്ടൽ ഭീഷണിയിലാണ്.കുളത്തൂപ്പുഴയാര്‍ ഇരുകരകളും മുട്ടി നിറഞ്ഞുകവിഞ്ഞ് ഒഴുകുന്ന നിലയിലായതിനാല്‍ ശാസ്താക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തര്‍ ക്ഷേത്രക്കടവിലേക്കോ പുഴയിലേക്കോ ഇറങ്ങരുതെന്ന് അധികൃതര്‍ കര്‍ശനനിര്‍ദേശം നല്കി.
പ്രദേശത്തെ അമ്പതേക്കര്‍ കുഞ്ഞുമാന് തോട്, മുപ്പതടിപ്പാലം തോട്, ചണ്ണമല തോട് എന്നിവ ജലനിരപ്പുയര്‍ന്ന നിലയിലാണ്.താഴ്ന്നപ്രദേശങ്ങളിലുള്ള കൃഷിയിടങ്ങളിൽ പലയിടത്തും വെള്ളംകയറിയെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. മഴ തുടരുന്നതിനാല്‍ താഴ്ന്നപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ-പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.