പുനലൂർ: പുനലൂർ നഗരസഭയിൽ ഭവനരഹിതർക്ക് വീട് നൽകുന്നതിൽ നഗരസഭ അധികൃതർ വൈമുഖ്യം കാണിച്ചതായി വിമർശനം. കൗൺസിൽ യോഗത്തിൽ കുടുംബശ്രീ പി.എം.എ.വൈ സംസ്ഥാന അധികൃതരാണ് ഇത് ഉന്നയിച്ചത്. 2022 ഡിസംബറിൽ സംസ്ഥാന ഓഫിസിൽ നിന്നയച്ച കത്തിന് പുനലൂര്‍ നഗരസഭ മറുപടി നൽകുകയോ ഗുണഭോക്തൃപട്ടിക യഥാസമയം സമർപ്പിക്കുകയോ ചെയ്തില്ല. പിന്നീട് ഓർമപ്പെടുത്തല്‍ കത്തുകളും അയച്ചിരുന്നു. എന്നാൽ പ്രതികരണം ഉണ്ടായില്ല.
പി.എം.എ.വൈ ഗുണഭോക്തൃവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 52 നഗരസഭകളിൽ 51 നഗരസഭകളും ആവശ്യമായ രേഖകൾ ഇതിനകം സമർപ്പിച്ചു. നഗരസഭയുടെ വീഴ്ചമൂലം മറ്റുള്ളവർക്ക് പോലും ആനുകൂല്യം നൽകാൻ കഴിയാത്തനിലയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുൻ കൗൺസിലിനെ അപേക്ഷിച്ച് ഈ ഭരണസമിതി വന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ക്ക് പോലും വീട് നൽകാൻ കഴിയാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സർക്കാറിൽ നിന്ന് തുക ലഭിക്കുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഗുണഭോക്താക്കളെ നിര്‍ണയിക്കാൻ നടത്തിപ്പുകാരായ കുടുംബശ്രീ വിഭാഗം നിരന്തരം കത്ത് നൽകിയിട്ടും പ്രതികരിക്കാന്‍ പോലും ബന്ധപ്പെട്ടവർ തയാറായില്ലത്രെ. ഡിസംബർ അഞ്ചിനുള്ളില്‍ വാര്‍ഡ് സഭകളും കൗണ്‍സില്‍ യോഗവും അംഗീകരിച്ച പട്ടിക നല്കിയാല് വീട് നല്കാന് ഇനിയും തയാറാണെന്നാണ് അധികൃതർ കൗണ്‍സിലില്‍ അറിയിച്ചത്.
ഗുണഭോക്താക്കളുടെ പട്ടിക യഥാസമയം അധികൃതർക്ക് നൽകിയിരുന്നതായാണ് ചെയർപേഴ്സൺ ബി. സുജാത പറയുന്നത്. സർക്കാർ ഫണ്ട് ലഭിക്കുന്ന മുറക്ക് ഗുണഭോക്താക്കളുടെ സംഗമത്തിൽ തുക കൈമാറും. വീട് ആവശ്യമില്ലാത്തവരെ ഒഴിവാക്കി അടുത്ത ലിസ്റ്റ് സമർപ്പിക്കും. എന്നാൽ യു.ഡി.എഫ് അംഗങ്ങള്‍ ഉന്നയിച്ച പിടിപ്പുകേടിന്റെ കഥകള്‍ തിരുത്താന്‍ ഭരണസമിതി തയാറാകാത്തതാണ് കാര്യങ്ങൾ സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും വിമര്‍ശിക്കുന്ന നിലയിൽ എത്തിച്ചതെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് ജി. ജയപ്രകാശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.