പുനലൂർ: വേനല്‍ ചൂടിലും ഉറവ വറ്റാതെ സഞ്ചാരികളുടെ മനംകവരുകയാണ് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം. പതിവിന് വിപരീതമായി ഇത്തവണ കുംഭച്ചൂടിനെയും അതിജീവിച്ച് പാൽ പോലെ ഒഴുകിയിറങ്ങുകയാണ് ഈ ജലപാതം. നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ മനസ്സിന് ലഭിക്കുന്ന ഉന്മേഷത്തിനും കുളിര്‍മക്കും കുറവൊന്നുമില്ല. സ്കൂളുകളിൽ നിന്നും ട്രക്കിങ്ങിനും പാലരുവി കാണാനും ദിവസേന നിരവധി കുട്ടികളാെണത്തുന്നത്. ഇതിനുപുറമെ തമിഴ്നാട്ടിൽ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. സഹ്യപര്വതനിരകളിൽപെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് പാല് ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിക്ക് ഈ പേര് ലഭിച്ചത്. കല്ലടയാറിന്റെ തുടക്കമായ മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് എന്നീ അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. രാജഭരണക്കാലത്തിന്റെ അവശേഷിപ്പുകളായ കുതിരാലയവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു.
ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പാലരുവി ജങ്ഷനില്‍ എത്തിയാല്‍ ടൂറിസം വകുപ്പിന്റെ ബസിലാണ് പിന്നീടുള്ള യാത്ര. സംരക്ഷിത വനമേഖലയിലൂടെയുള്ള യാത്ര ആയതിനാല്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
പാലരുവിയിലേക്ക് വനത്തിനുള്ളിലൂടെയുള്ള ഈ ബസ് യാത്രയും അതിമനോഹരമാണ്. സിംഹവാലന്‍ കുരങ്ങ്, വിവിധതരം ചിത്രശലഭങ്ങള്‍ എല്ലാം ഈ യാത്രയില്‍ കാണാന്‍ കഴിയും. ശലഭങ്ങളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങള്‍ സൃഷ്ടി ശലഭോദ്യാനവും ഇവിടെയുണ്ട്. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങള്‍ വളരുന്ന മേഖലയിലൂടെ ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധഗുണമുണ്ടാകും എന്നൊരു വാദവുമുണ്ട്.
വെള്ളച്ചാട്ടം വീഴുന്ന ഭാഗത്ത് സഞ്ചാരികൾക്ക് ഇറങ്ങുന്നതിനായി വെള്ളംകെട്ടി നിർത്തിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെയിറങ്ങാം. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് തന്നെയാണ് കല്‍മണ്ഡപവും കുതിരാലയവുമൊക്കെ സ്ഥിതിചെയ്യുന്നത്.
16 കല്‍മണ്ഡപം ഉണ്ടായിരുന്നു. എന്നാൽ 93ലെ വെള്ളപ്പൊക്കത്തില്‍ അതൊക്കെ നശിച്ചുപോയി. പാലരുവി ഇക്കോടൂറിസത്തിനാണ് വെള്ളച്ചാട്ടത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ചുമതല. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക് 30 രൂപയും വിദ്യാർഥികള്‍ക്ക് 35 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. വിദേശികള്‍ക്ക് 200 രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.