പുനലൂർ: പത്തുമണിക്കൂറോളം കൊടുംകാട്ടിൽ കുടുങ്ങിയ വിദ്യാർഥികളുടെ ട്രക്കിങ് സംഘം പോറൽപോലും എൽക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി. വിശ്വസിക്കാനാവാത്ത കാലാവസ്ഥയും വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രവുമായ തമിഴ്നാട് അതിർത്തി മലയാണ് അച്ചൻകോവിൽ കോട്ടവാസൽ തൂവൽമല.
ചെങ്കോട്ട-അച്ചൻകോവിൽ കാനനപാതയിൽ കോട്ടവാസൽ വനം ചെക്പോസ്റ്റിന് സമീപത്ത് നിന്നാണ് ഈ മലയിലേക്ക് കയറി പോകുന്നത്. മാനംമുട്ടയുള്ള വിശാലമായ പാറക്കെട്ടുകളോടെ പുൽമേടുകളാണ് ഇവിടെ അധികം.
പാറമുകളിൽ കയറിയാൽ തമിഴ്നാടിന്റെ വിശാലമായ പ്രദേശം കാണാനാകും. പകൽപോലും കോടമഞ്ഞിനാൽ മൂടുന്ന ഈ ഭാഗത്ത് കയറിപ്പോകാൻ വനം അധികൃതർ യാത്രക്കാർക്ക് അനുമതി നൽകാറില്ല. വനം താൽകാലിക ഗൈഡുകളുടെ സഹായത്തോടെ ഇവിടേക്ക് ആളുകൾ ധാരാളം എത്തുന്നുണ്ട്. ഉരുളൻകല്ലുകൾ നിറഞ്ഞ ഒറ്റവരി പാതയാണ് ഇവിടേക്കുള്ളത്. ഇടക്കിടെ വെള്ളചാലുകളും ഒഴുകുന്നുണ്ട്.
കനത്ത മഴയായാൽ ചാലുകൾ കവിഞ്ഞൊഴുകും. കനത്ത മഴക്കാലത്ത് പതിവായി ഉരുൾപൊട്ടുന്ന മേഖലയുമാണിത്. വൈകിട്ട് നാലോടെ മടങ്ങിവരാമെന്ന ധാരണയിലാണ് ക്ലാപ്പന എസ്.വി എച്ച്.എസ്.എസിലെ പഠന സംഘം ഇവിടേക്ക് കയറിപ്പോയത്. കൂടെ ഗൈഡുകൾ ഉള്ളതിനാൽ മറ്റൊന്നും പേടിക്കാനില്ലെന്ന ധാരണയും ഉണ്ടായിരുന്നു.
വൈകിട്ട് മൂന്നോടെ മഴയുടെ ലാഞ്ചന കണ്ടതോടെ സംഘം യാത്ര അവസാനിപ്പിച്ച് മടങ്ങാനിറങ്ങി. എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും തടസമായി. മഴമാറിയിട്ട് ഇറങ്ങാമെന്ന് കരുതി പാറപ്പുറത്ത് സംഘം കാത്തിരുന്നു. മഴക്ക് ശമനം വന്നതോടെ ഇവർ പുറപ്പെട്ടെങ്കിലും വഴിയിലെ വെള്ളച്ചാലുകളും കാട്ടാനയും കണ്ട് ഭയന്ന് തിരികെ പാറപ്പുറത്തെത്തി.
ഇവർക്കൊപ്പമുണ്ടായിരുന്ന ഗൈഡുകൾ ഇതെല്ലാം തരണം ചെയ്തു കാടിന് കുറെ ദൂരം പുറത്തേക്കിറങ്ങി മൊബൈൽ മാർഗം വനപാലകരെയും നാട്ടുകാരേയും വിവരം അറിയിച്ചു. സംഭവം അറിഞ്ഞയുടൻ അച്ചൻകോവിൽ നിന്ന് രക്ഷാസംഘം കോട്ടവാസലിൽ എത്തിയെങ്കിലും മഴയും ഇരുട്ടുമായതോടെ ഒന്നും ചെയ്യാൻ പറ്റാതായി. പാതിരാത്രിയോടെ ഉന്നത വനപാലകരുടെ നേതൃത്വത്തിൽ കൂടുതൽ സംഘം സർവ സന്നാഹവുമായി എത്തി.
20 പേരടങ്ങുന്ന സംഘത്തെ കാട്ടിൽ കയറ്റി വിട്ട് കുടുങ്ങികിടന്നവരെ പുറത്തെത്തിക്കുകയായിരുന്നു. പുലർച്ചെ നാലോടെ അഞ്ചുപേരടങ്ങുന്ന ഓരോ സംഘവും സുരക്ഷിതരായി വനം ചെക്പോസ്റ്റിൽ എത്തിയതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. ആർക്കും അത്യാഹിതവും അവശതയും ഉണ്ടാകാതിരുന്നതും ഭാഗ്യമായി.
വിലക്ക് അവഗണിച്ചാണ് അധ്യാപകരടങ്ങുന്ന സംഘം ട്രക്കിങിന് എത്തിയതെന്ന് വനപാലകർ പറഞ്ഞു. അപകടകരമായ മേഖലയിൽ വിനോദ സഞ്ചാരത്തിന് കുട്ടികളുമായി എത്തുന്നവർ അധികൃതരുടെ വാക്കുകൾ അവഗണിക്കുന്നത് മൂലം ഉണ്ടായ പ്രയാസമാണ് എല്ലാവരേയും ബുദ്ധിമുട്ടിച്ചതെന്ന് വനപാലകർ പറഞ്ഞു.
ഓച്ചിറ: ജീവിതത്തിൽ ആദ്യമായി ഘോരവനത്തിൽ കയറിയ സന്തോഷത്തിലായിരുന്നു അവർ. പക്ഷേ, എല്ലാം മാറിമറിഞ്ഞു. സന്തോഷവും ആഹ്ലാദവും പെട്ടെന്ന് അസ്തമിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. ഭയന്ന് വിറക്കുകയായിരുന്നു എന്ന് വനത്തിൽ അകപ്പെട്ട വിദ്യാർഥികൾ പറഞ്ഞു.
ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വെള്ളിയാഴ്ചയാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സംഘം അച്ചൻകോവിലിൽ എത്തിയത്. ഞായറാഴ്ച രാവിലെ 11.30ഓടെ 27 വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 30അംഗ സംഘം കാടുകയറി. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ വഴികാട്ടിയായി കൂടെയുണ്ടായിരുന്നു. കോട്ടവാസൽ ജണ്ട പാറഭാഗത്ത് ട്രക്കിങ്ങിനിടയിൽ കാടിന്റെ ലക്ഷണം മാറി. കനത്തമൂടൽമഞ്ഞ്, കൂരിരുട്ട്, ശക്തമായ മഴ. തിരിച്ചിറങ്ങാൻ വഴികാട്ടിയായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും വഴിതെറ്റി.
വന്യമൃഗങ്ങളുടെ ഒച്ചയും ഓരിയിടലും പല ഭാഗത്തും കേട്ടിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. കാട്ടാന കൂട്ടങ്ങളുടെ അലറിവിളികൾ കേൾക്കാമായിരുന്നു. ജീവൻ തന്നെ അപകടത്തിൽപെടുമെന്ന അവസ്ഥ. മൊബൈലുകൾക്കൊന്നും റേഞ്ചില്ല. സഹായം തേടാനും വഴിയില്ലാതായി. പല കുട്ടികളും അസ്വസ്ഥരായി. കുട്ടികളെ സമാധാനപ്പെടുത്തി അധ്യാപകർ നിന്നെങ്കിലും അവരും ഭയന്നു.
വഴികാട്ടിയായ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിന് റേഞ്ചുകിട്ടുന്ന സ്ഥലംവരെ നടന്ന് വനംവകുപ്പിന്റെ ഓഫിസിൽ വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും കൂട്ടത്തോടെ നിൽക്കാനാണ് അവർ നിർദേശിച്ചത്. 20 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ എടുത്ത് രാത്രിയിൽ കാടുകയറിയാണ് ഇവരുടെ അടുത്തെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ചെറുസംഘങ്ങളായി മണിക്കൂറുകളെടുത്താണ് കുട്ടികളെ വനത്തിന് പുറത്തെത്തിച്ചത്. സമൂഹമാധ്യങ്ങളിൽ വാർത്ത പരന്നതോടെ രക്ഷകർത്താക്കളും അസ്വസ്ഥരായിരുന്നു. കുട്ടികൾ വീട്ടിൽ വിളിച്ചതോടയാണ് രക്ഷാകർത്താക്കൾക്ക് സമാധാനമായത്.
തിങ്കളാഴ്ച രാവിലെ 10ഓടെ സ്കൂളിലെത്തിച്ച കുട്ടികളെ സ്വീകരിക്കാൻ ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ സുധ, ജില്ല കോഓഡിനേറ്റർ എൽ.എസ്. ജയകുമാർ, പ്രിൻസിപ്പൽ ഷീജ, മാനേജർ ജയചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരും എത്തിയിരുന്നു.
സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം കുട്ടികൾ രക്ഷാകർത്താക്കൾക്കൊപ്പം വീടുകളിലേക്കുപോയി.
പുനലൂർ: കനത്തമഴയിലും ഉരുൾപൊട്ടലിലും കുന്നിടിഞ്ഞിറങ്ങി അച്ചൻകോവിൽ-ചെങ്കോട്ട പാതയിൽ ഗതാഗതം ഭാഗികമായി മുടങ്ങി. ഞായറാഴ്ച വൈകീട്ട് കോട്ടവാസൽ വനം ചെക്പോസ്റ്റിന് സമീപമാണ് ഉരുൾപൊട്ടിയിറങ്ങി വലിയ കല്ലുകളോടെ പാതയിലേക്ക് പതിച്ചത്.
ഈ മഴയിലാണ് തൂവൽമലയിൽ ട്രക്കിനെത്തിയ വിദ്യാർഥികളുടെ സംഘവും കുടുങ്ങിയത്. വലിയ പാറയും മണ്ണുംകാരണം ഇതുവഴി വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടായി. രാവിലെ നാട്ടുകാരും പൊതുമരാമത്ത് അധികൃതരും എത്തി മണ്ണ് കുറച്ചു ഭാഗം നീക്കം ചെയ്തു ചെറിയ വാഹനങ്ങൾ കടന്നുപോകാൻ വഴിയൊരുക്കി.
പിന്നീടി പൊക്ലൈനർ എത്തി വലിയ കല്ലുകളും മണ്ണും പൂർണമായി മാറ്റിയാണ് ഗതാഗതം പൂർവ സ്ഥിതിയിലാണ്. റോഡിലെ തടസം അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് വന്ന ശബരിമല തീർഥാടകരെ അടക്കം ബുദ്ധിമുട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.