പുനലൂർ: വിശ്വസാഹിത്യകാരൻ വൈക്കം മൂഹമ്മദ് ബഷീറിന്റെ മുപ്പതാം ഓർമ്മദിനത്തിൽ, 40 വർഷം മുമ്പ് കഥയുടെ രാജകുമാരൻ അയച്ച കത്ത് കനകംപോലെ സൂക്ഷിച്ച് കുന്നിക്കോട് ബദരിയ മൻസിലിൽ എം. ബദറുദീൻ. സാഹിത്യതൽപ്പരമായ കുടുംബത്തിലെ നിത്യ ചർച്ച നായകനായിരുന്നു ബഷീർ. ‘ന്റുപ്പുപ്പാക്കൊരുനേണ്ടാർന്ന്’ എന്ന നോവൽ വായനക്കിടെ ഉളവായ രണ്ടു സംശയങ്ങളും അതിനുള്ള സരസമായ മറുപടി കത്തുമാണ് സുൽത്താനെ ബദറുദീന്റ നെഞ്ചിലേറ്റിയത്.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഈ നോവൽ വായിക്കുന്നത്. നോവലിലെ ‘ഹുത്തിനിഹാലിട്ട നിത്താപ്പുവും’ എന്നതിന്റെ ഭാഷയും അർഥവും സംസ്കാര സമ്പന്നനായ നിസാർ അഹമ്മദ് എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുപാത്തുമ്മായെ എങ്ങനെ കല്യാണം കഴിക്കും എന്നതുമായിരുന്നു ബദറിന്റെ സംശയം.
സംശയം തീർക്കാൻ കഥാകാരന് തന്ന നേരിട്ട് കത്തെഴുതി കാത്തിരിക്കവേ ദിവസങ്ങൾക്കുള്ളിൽ ഇൻലഡിൽ ബഷീറിന്റെ കൈപ്പടയിൽ സ്വതസിദ്ധമായ ശൈലിയിൽ മറുപടിയെത്തിയത് ബദറുദീനിൽ ആശ്ചര്യമുളവാക്കി. പ്രിയപ്പെട്ട ബദറുദീൻ, ഹുത്തിനിഹാലിട്ട.......... പാട്ടിനു അർഥമൊന്നുമില്ല. ഒരു ഭാഷയിലും ഉള്ളതല്ല. നിരർഥകങ്ങളായ പദങ്ങൾ- പടപ്പാട്ടാണ്.
ഓരോർത്തർക്കും ഒരാദർശ ഭാര്യയോ ഭർത്താവോ കാണും ഭാവനയിൽ. അത് എപ്പോഴും ശരിയാകണമെന്നില്ല. കിട്ടിയത്കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. അങ്ങനെയാണ് സംഭവങ്ങൾ മുക്കാലേമൂണ്ടാണിയും ഇതായിരുന്നു ബഷീറിന്റെ മറുപടി.
ജീവിത വിജയം നേർന്ന് വൈക്കം മുഹമ്മദ് ബഷീർ എന്ന് മലയാളത്തിൽ ഒപ്പിട്ടാണ് കത്ത് അവസാനിക്കുന്നത്. ഈ കത്ത് തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടാണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ബദറുദീൻ പറയുന്നു. ബഷീറിനെ കാണാൻ പലപ്പോഴും ആഗ്രഹിച്ചെങ്കിലും നടന്നില്ല. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകളും യാത്രവിവരണങ്ങളും പഠനവും നിരൂപണവും ഏഴുതാറുള്ള ബദറുദീൻറ പുസ്തക ശേഖരത്തിൽ ബഷീറിന്റെ മിക്ക സാഹിത്യ സൃഷ്ടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.