പുനലൂർ: ആര്യങ്കാവിലെ കോട്ടവാസലിൽ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 25.352 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളപുരം മാമൂട് വയലിൽ പുത്തൻ വീട്ടിൽ ബെല്ലാരി സുനിൽ എന്ന ജി. സുനിൽ (47), ഉളിയൻക്കോവിൽ ശ്രീഭദ്ര നഗറിൽ ആറ്റിയോചിറയിൽ എൻ. നിഷാദ് (35) എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് ആന്ധ്രയിൽനിന്ന് കൊല്ലത്തേക്ക് കൊണ്ടു വന്നതായിരുന്നു. പൊലീസ് വകുപ്പിന്റെ ‘യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി റൂറൽ എസ്.പി എം.എൽ. സുനിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
റൂറൽ സ്പെഷൽ ടീം, തെന്മല പൊലീസ് എന്നിവർ ഞായറാഴ്ച രാത്രി സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ആര്യങ്കാവിൽ വെച്ച് പ്രതികൾ സഞ്ചരിച്ച കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
പിടിയിലായ ബെല്ലാരി സുനിലിനെ മുമ്പ് ആര്യങ്കാവിൽ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെന്മല, കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധികളിലെ കഞ്ചാവ്, നരഹത്യാശ്രമം, ഗൂഢാലോചന കേസുകളിലും കൊല്ലം എക്സൈസ് രജിസ്റ്റർ ചെയ്ത അഞ്ച് കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ.
ചന്ദനത്തോപ്പ് മാമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന ലോബിയുടെ പ്രധാനിയാണ് സുനിൽ. രണ്ടാഴ്ച് മുമ്പ് കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കുറ്റകരമായ നരഹത്യാശ്രമത്തിന് അറസ്റ്റിലായ സുനിൽ ജാമ്യത്തിലിറങ്ങി ഉടൻ തന്നെ ആന്ധ്രാപ്രദേശിലേക്ക് കടന്ന് കഞ്ചാവ് കടത്തിന് ശ്രമിക്കുകയായിരുന്നു.
ഇയാളുടെ മൊത്ത വ്യാപാര ശൃംഖലകളെപ്പറ്റിയും സാമ്പത്തിക സ്രോതസ്സുകളെപ്പറ്റിയും കൂടുതൽ അേന്വഷണവും കർശന നിയമ നടപടികളും ഉണ്ടാകുമെന്ന് എസ്.പി അറിയിച്ചു. റൂറൽ സി-ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ മേൽനോട്ടത്തിൽ സ്പെഷൽ ടീം രൂപവത്കരിച്ച് നടത്തിയ പരിശോധനയിൽ എഴുകോൺ എസ്.എച്ച്.ഒ ശിവപ്രകാശ്, തെന്മല എസ്.എച്ച്.ഒ ശ്യാം എസ്.ഐമാരായ സുബിൻ തങ്കച്ചൻ.
അനിൽകുമാർ, എ.എസ്.ഐമാരായ രാധാകൃഷ്ണപിള്ള, ലാലു, സഞ്ജീവ് മാത്യു, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒമാരായ ടി. സജുമോൻ, മഹേഷ് മോഹൻ, പി.എസ്. അഭിലാഷ്, അനീഷ് കുമാർ, ഡി. സുജിത്ത്, എസ്. ദിലീപ്, വിപിൻ ക്ലീറ്റസ്, ബി. മനു, യു.കെ. വിഷ്ണു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.