പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാത 744 ൽ കൂടി കടന്നുപോകുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് (നെറ്റ് വർക്ക് സർവേ വെഹിക്കിൾ) ആരംഭിച്ചു. ഇതുവഴി ചെറുതും വലതുമായ വാഹനങ്ങളുടെ എണ്ണവും ഒപ്പം വാഹനങ്ങളിലുള്ള ഭാരവും കണക്കാക്കുന്നുണ്ട്. ആറുമാസത്തെ കണക്കാണ് എടുക്കുന്നത്. ചരക്ക് വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനാൽ ഇപ്പോഴത്തെ സർവേക്ക് വളരെ പ്രസക്തിയുണ്ട്. സർവേയുടെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ എണ്ണം പാതയുടെ നിശ്ചിത ശേഷിക്ക് മുകളിലായാൽ സമാന്തര പാതയോ അല്ലെങ്കിൽ ചരക്ക് വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കലടക്കമുള്ള നടപടി ഉണ്ടാകും.
കോട്ടവാസലിനും കൊല്ലത്തിനുമിടയിൽ ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര തുടങ്ങിയ ഏഴിടത്ത് സർവേക്കായി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പാതക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന കേബിളിന്റെ സഹായത്തോടെയാണ് ഭാരം കണക്കാക്കുന്നത്. ഡേറ്റ കോർപ്പറേഷൻ ട്രാഫിക് പ്രോഗ്രാം ലിമിറ്റഡ് എന്ന കമ്പനിയാണ് സർവേ നടത്തുന്നത്. ആറുമാസത്തെ കണക്ക് ഇൻഡ്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന് (ഐ.എച്ച്.എം.സി.എൽ) കൈമാറും.
നിലവിൽ പാതക്ക് താങ്ങാവുന്നതിന് അപ്പുറമാണ് വാഹനങ്ങളുടെ എണ്ണം. ഇതിലുപരി പാതയുടെയും പാതയിലെ പാലം, കലുങ്കുകൾ എന്നിവയുടെ ശേഷി പരിഗണിക്കാതെ വലിയ അളവിൽ ഭാരം കയറ്റി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പാറ ഉൽപന്നങ്ങൾ കയറ്റി വന്നു തുടങ്ങിയതോടെ ഇതുവഴിയുള്ള ചരക്ക് വാഹനങ്ങൾ പല ഇരട്ടിയായി വർധിച്ചു. തുത്തുക്കുടി- കൊച്ചി തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് കണ്ടയ്നറുടെകളുടെ എണ്ണവും കൂടി. കടമ്പാട്ടുകോണം- മധുര ഗ്രീൻഫീൽഡ് ഹൈവേ കൂടി യാഥാർഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി തമിഴ്നാട് ഉൾപ്പടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ചരക്ക് വാഹനങ്ങൾ ഇതുവഴി കടന്നുവരും. ഇതിന് അനുയോജ്യമായ നിലയിൽ ദേശീയപാതയുടെ നിലവാരം ഉയർത്തേണ്ടത് അത്യാവശ്യമാണ്.
മുമ്പുണ്ടായിരുന്ന കൊല്ലം- ചെങ്കോട്ട മലമ്പാത ദേശീയപാതയായി ഉയർത്തിയെങ്കിലും ദേശീയ പാത നിലവാരത്തിലുള്ള മറ്റ് സുരക്ഷ ക്രമീകരണങ്ങളൊന്നും ഈ പാതയിലില്ല.
206 കിലോമീറ്റർ വരുന്ന പാതയിൽ കേരളത്തിന്റെ ഭാഗത്ത് കോട്ടവാസൽ മുതൽ കൊല്ലം വരെ 81 കിലോമീറ്റർ ദൂരത്തിലാണ് പാതയുള്ളത്. പുനലൂരിനും ആര്യങ്കാവ് കോട്ടവാസലിനുമിടയിലുള്ള ദേശീയപാതയുടെ അവസ്ഥ പരിതാപകരമാണ്. മതിയായ വീതിയില്ലാത്തതിന് പുറമേ ഇരുവശവും കൊക്കകളും കൊടുവളവുകളും നിറഞ്ഞതാണ്. ഇതുകാരണം വാഹനാപകടവും നിത്യസംഭവമാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ളതും വളരെ അപകടകരവുമായ വാളക്കോട് റെയിൽവേ മേൽപ്പാലം, തെന്മലക്കും കഴുതുരുട്ടിക്കു മിടയിലുള്ള എം.എസ്.എൽ ഭാഗം എന്നിവ വാഹനം കടന്നുപോകുന്നതിന് എപ്പോഴും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.