പുനലൂർ: ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ആനയുടെ നിരന്തര ശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തി. അച്ചൻകോവിൽ പടിഞ്ഞാറ് പത്തേക്കർ ആദിവാസി കോളനി, തെന്മല പഞ്ചായത്തിലെ ചാലിയക്കര ഉപ്പുകുഴി കമ്പിലൈൻ ഭാഗത്താണ് വ്യാഴാഴ്ച രാത്രി ഒറ്റയാൻ ഇറങ്ങി കൃഷി നാശം വരുത്തിയത്.
ആദിവാസി കോളനിയിലെ രഘു, ഉദയകുമാർ തുടങ്ങിയവരുടെ വീടിനു ചുറ്റും നിലയുറപ്പിച്ച ആന തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. കോളനിവാസികൾ രാത്രി ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. പുലർച്ച നാലോടെ വനം അധികൃതരെത്തി ആനയെ വിരട്ടി കാടുകയറ്റി.
ഈ കോളനിയിൽ മാത്രം നൂറോളം ആദിവാസി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവരിൽ പുരുഷന്മാർ വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോകുന്നതിനാൽ രാത്രി കോളനികളിൽ സ്ത്രീകളും കുട്ടികളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ സമയത്ത് ആനയടക്കം വന്യജീവികൾ ഇറങ്ങുമ്പോൾ കോളനിയിലുള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
കോളനിക്ക് ചുറ്റുമുള്ള സൗരോർജ വേലി തകർന്നുകിടക്കുകയാണ്. ഇതിലൂടെയാണ് ചുറ്റുവട്ടത്തെ വനത്തിൽ നിന്ന് പുലി, ആന തുടങ്ങിയവ ജനവാസ മേഖലയിലെത്തുന്നത്.മുമ്പ് വന്യജീവികളുടെ സാന്നിധ്യം പെട്ടെന്ന് മനസ്സിലാക്കാൻ കോളനിയിലുള്ളവർ വീടിനു മുന്നിൽ നായ്ക്കളെ കെട്ടിയിടുമായിരുന്നു. പുലിയുടെ ശല്യം കൂടി നായ്ക്കളെ അവ കൊന്നു തിന്നുന്നതിനാൽ പുറത്ത് കെട്ടിയിടാനും പറ്റാതായി.
ഇതോടെ, ആനയും മറ്റും വീടിനു ചുറ്റും വരുമ്പോഴാണ് ഇവയുടെ സാന്നിധ്യം ആൾക്കാർക്ക് അറിയാൻ കഴിയുന്നത്. ഉപ്പുകുഴിയിൽ വസന്ത ഭവനിൽ പ്രസേനന്റെ പുരയിടത്തിലിറങ്ങിയ ആന വാഴകൾ നശിപ്പിച്ചു.വിടിന്റെ ചുറ്റും കൊലവിളിയുമായി നടന്ന ആന അവസാനം കാട്ടിലേക്ക് കയറി പോയി. ഈ ഭാഗത്ത് കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമാണ്.വന്യമൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ പ്രതിരോധ നടപടികൾ വനംവകുപ്പ് ഇതുവരെ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.