പുനലൂർ: കിഴക്കൻ മലയോരമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ഇന്നലെ വെള്ളം ഇറങ്ങിത്തുടങ്ങി. എങ്കിലും തെന്മല ഡാം ഷട്ടർ തുറന്നിരിക്കുന്നതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല.ആറ്റിലെ ജലനിരപ്പ് കുറയാത്തത് കാരണം പുനലൂർ പട്ടണമധ്യേയുള്ള വെട്ടിപ്പുഴ മുതൽ ചെമ്മന്തൂർ വരെയുള്ള ഭാഗത്ത് വെട്ടിപ്പുഴ തോട്ടിലും താഴ്ന്ന ഭാഗത്തും വെള്ളം അതേപടിയുണ്ട്. ഈ ഭാഗത്തുള്ള ആശുപത്രി, നഴ്സിങ് സ്കൂൾ, ആരാധനാലയം തുടങ്ങിയ നിരവധി സ്ഥാപനങ്ങളും വീടുകളിലും വെള്ളം കയറിയിരുന്നു. വലിയതോതിലുള്ള നഷ്ടം ഒാരോ സ്ഥാപനത്തിനും ഉണ്ടായിട്ടുണ്ട്.
ടി.ബി ജങ്ഷനിൽ ടൂറിസം വകുപ്പിെൻറ സ്നാനഘട്ടവും വിശ്രമകേന്ദ്രവും വെള്ളത്തിനടിയിലാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്സിെൻറ അടിയിലെ നിലയിലും വെള്ളം കയറി കച്ചവടക്കാർക്കടക്കം വലിയ നഷ്ടം ഉണ്ടായി. ഇവിടെ പാർക്കും വെള്ളത്തിലാണ്. തൊളിക്കോട് തോടും പരിസരവും വെള്ളം കയറിക്കിടക്കുന്നതിനാൽ മലയോര ഹൈവേയിൽ കരവാളൂർ വരെ പാതയിൽ വെള്ളം കയറുന്ന അവസ്ഥയാണ്.
തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും മിക്ക ഭാഗത്തും നാശം ഉണ്ടായി. ഈ രണ്ടു പഞ്ചായത്തുകളിൽ മാത്രം നൂറിലധികം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശം നേരിട്ടു. നിരവധി ചെറുപാലങ്ങളും ചപ്പാത്തുകളും ഒലിച്ചുപോകുകയോ തകരുകയോ ചെയ്തിട്ടുണ്ട്.തെന്മലയിലെ ചെറുകടവ് ഭാഗത്ത് ഓലപ്പാറ ചപ്പാത്ത് തകർന്നത് കാരണം വൻതോതിൽ കൃഷി നാശം നേരിട്ടു. കൂടാതെ ഈ ഭാഗത്ത് ഗ്രാമീണ കുടിവെള്ള പദ്ധതി തകർന്നു. ഇവിടെ നാശം നേരിട്ട ഭാഗങ്ങളിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. ശശിധരനും സംഘവും സന്ദർശിച്ച് നഷ്ടം വിലയിരുത്തി.
തെന്മല ഡാമിലെ ഷട്ടർ കൂടുതൽ ഉയർത്തിയതിന് ശേഷം താഴ്ത്തി
പുനലൂർ: തെന്മല പരപ്പാർ ഡാമിലെ വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നിലനിന്നിരുന്ന ആശങ്ക തൽക്കാലം ഒഴിഞ്ഞു. രണ്ടു ദിവസമായി മഴമാറി അന്തരീക്ഷം തെളിഞ്ഞതോടെ ഡാം ഷട്ടർ താഴ്ത്തി പുറത്തേക്കുള്ള വെള്ളമൊഴുക്ക് നിയന്ത്രിച്ചുതുടങ്ങി.
ഞായറാഴ്ച വൈകീട്ട് മൂന്ന് ഷട്ടറുകളും 150 സെ.മീറ്റർ വരെ ഉയർത്തിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെയും നീരൊഴുക്ക് ശക്തമായതിനാൽ ജലനിരപ്പ് നിയന്ത്രിത അളവിനെക്കാൾ കൂടി 114.98 മീറ്ററിലെത്തി. ഇതിനെ തുടർന്ന് രാവിലെ പത്ത് സെ.മീറ്റർ കൂടി ഉയർത്തി 160 സെ.മീറ്ററിൽ എത്തിച്ചു. നീരൊഴുക്ക് വർധിച്ചാൽ 200 സെ.മീറ്റർ വരെ ഷട്ടർ ഉയർത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ പകൽ 11 മണിയോടെ നീരൊഴുക്ക് കുറഞ്ഞതോടെ ആദ്യം പത്ത് സെ.മീറ്ററും വൈകീട്ടോടെ 140 സെ.മീറ്ററുമായി ഷട്ടറുകൾ താഴ്ത്തുകയായിരുന്നു. തുലാവർഷ മഴ ഇനിയും ലഭിക്കുമെന്ന കണക്കകൂട്ടലിൽ ഡാമിലെ ജലനിരപ്പ് 115 മീറ്ററിൽ ക്രമീകരിക്കാനാവശ്യമായ അളവിൽ ഷട്ടറുകൾ തുറന്നുവെക്കുമെന്ന് കെ.ഐ.പി അസി.എക്സി. എൻജിനീയർ മണിലാൽ പറഞ്ഞു. ഡാമിലെ പരമാവധി സംഭരണ ശേഷി 116.73 മീറ്ററാണ്. എന്നാൽ 115.45 മീറ്ററിലെത്തുമ്പോൾ റെഡ് അലർട്ട് പുറപ്പെടുവിക്കും.
കൃഷിയിടത്തില്‍ വെള്ളം കയറി, കുളത്തൂപ്പുഴയില്‍ വ്യാപക കൃഷി നാശം
കുളത്തൂപ്പുഴ: തോരാതെ പെയ്ത മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി വ്യാപക കൃഷി നാശം. കുളത്തൂപ്പുഴ ചോഴിയക്കോട് സുമാ മന്ദിരത്തില്‍ മണിയന്, അമ്പതേക്കര്‍ തോട്ടരികത്ത് വീട്ടില്‍ രവി, വില്ലുമല ബിനു ഭവനില്‍ ജി. രാജേന്ദ്രന്, കരിക്കത്തിൽ വീട്ടിൽ ടി. ബാബു തുടങ്ങി ഒട്ടേറെ കര്‍ഷകരുടെ കൃഷികൾക്ക് നാശം നേരിട്ടു.
മണിയെൻറ കണ്ടന്ചിറയിലെ ഒരേക്കര്‍ വരുന്ന പാട്ടകൃഷി മുഴുവന്‍ വെള്ളത്തിനടിയിലാണ് പയര്‍, പാവല്‍, മരച്ചീനി തുടങ്ങി ഒട്ടേറെ പച്ചക്കറി കൃഷിയും കിഴങ്ങു വര്‍ഗങ്ങളും നശിച്ചിട്ടുണ്ട്. ബാബുവിെൻറ ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴ കൃഷി, ചേമ്പ്, ചേന, പയർ, പാവൽ തുടങ്ങിയവയെല്ലാം വെള്ളത്തിൽ മുങ്ങി.നിരവധി പേരുടെ മരച്ചീനി കൃഷിയും പച്ചക്കറിത്തോട്ടങ്ങളും വെള്ളത്തിനടിയിലാണ്. എക്കലും ചളിയും അടിഞ്ഞ് വിളകൾ ഒന്നാകെ അഴുകി നശിക്കുന്ന സ്ഥിതി വിശേഷമാണെന്ന് കർഷകർ പറയുന്നു. കുളത്തൂപ്പുഴ കൃഷി ഓഫിസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി; മത്സ്യകര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
കുളത്തൂപ്പുഴ: കഴിഞ്ഞ ദിവസങ്ങളില്‍ ഇടതടവില്ലാതെ പെയ്ത ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കൃഷിയിടങ്ങള്‍ക്കൊപ്പം മത്സ്യം വളര്‍ത്തിയിരുന്ന കുളങ്ങളും വെള്ളത്തില്‍ മുങ്ങി.
മീന്‍കുഞ്ഞുങ്ങള്‍ ഒഴുകി പോയി മത്സ്യ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിനു സമീപം ആദിലാ മന്‍സിലില്‍ മുഹമ്മദ് ഷെരീഫ്, അൽ മിറയിൽ സുൽഫി തുടങ്ങിയവരുടെ മത്സ്യ കൃഷി മുഴുവൻ നാശമായി.മാസങ്ങള്‍ക്കുമുമ്പാണ് ഷെരീഫ് വായ്പത്തുക ഉപയോഗിച്ച് പുരയിടത്തില്‍ കുളങ്ങള്‍ നിര്‍മിച്ച് ഇരുപത്തയ്യായിരം മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.