പത്തനാപുരം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതമൊഴിയാതെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആദിവാസി ഊരുകള്‍. ഒറ്റപ്പെട്ട ആവണിപ്പാറ, വളയം, അച്ചന്‍കോവില്‍, വയക്കര തുടങ്ങിയ ഊരുകളിലേക്ക് ആര്‍ക്കും എത്തപ്പെടാനായിട്ടില്ല.
അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് കുറയുകയും ബോട്ട് സര്‍വിസ് ആരംഭിക്കുകയും ചെയ്താല്‍ മാത്രമേ ഊരുകള്‍ സാധാരണനിലയിലേക്ക് എത്തുകയുള്ളൂ. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെതുടര്‍ന്ന് മാറിനിന്ന കുടുംബങ്ങള്‍ തിരികെയെത്തി തുടങ്ങി.
കഴിഞ്ഞ നാല് ദിവസമായി കാടിനുള്ളില്‍ പടുത കൊണ്ട് കൂടാരം നിർമിച്ചാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇതിനിടെ ആവണിപ്പാറയില്‍ മഴ പെയ്ത് ഭിത്തികള്‍ കുതിര്‍ന്ന നാല് വീടുകള്‍ കഴിഞ്ഞദിവസം തകര്‍ന്നുവീണത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കോളനി നിവാസികളായ തങ്കമണി, വിലാസിനി, പങ്കി, സുമ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ആവണിപ്പാറ കോളനിയിൽ 35 കുടുംബങ്ങളിലായി 110 ആളുകളാണ് താമസിക്കുന്നത്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറിയ പല കുടുംബങ്ങളും ഇതുവരെ തിരിച്ചെത്തിയിട്ടുമില്ല. കോന്നി-കല്ലേലി-അച്ചൻകോവിൽ, അലിമുക്ക്, അച്ചന്‍കോവില്‍ പാതകള്‍ തകര്‍ന്നതിനാല്‍ വാഹനഗതാഗതവും ഇവിടേക്ക് ബുദ്ധിമുട്ടാണ്. ആറ്റിലെ വെള്ളം ഇറങ്ങിയാല്‍ മാത്രമേ വീട് നഷ്ടപ്പെട്ട് കുടുംബങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ കഴിയൂ.
കൂടുതൽ പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റും
കൊല്ലം: ജില്ലയിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴക്കെടുതി- പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ചിലയിടങ്ങളിൽ ജനം മാറിത്താമസിക്കാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾകൂടി ഇടപെട്ട് അവരെ മാറ്റിപ്പാർപ്പിക്കും. വെള്ളം കയറി നിൽക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് ജനങ്ങൾ തിങ്ങിക്കൂടുന്ന അവസ്ഥ ഒഴിവാക്കണം.
ക്യാമ്പുകളിൽ ഭക്ഷണം, മരുന്നുകൾ എന്നിവ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിലും ക്യാമ്പുകളിലും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് പൊലീസിനെ നിയോഗിക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ച വീടുകളുടെ പട്ടിക തയാറാക്കി വരികയാണ്.
വില്ലേജ് ഓഫിസർമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ് കലക്ടർ ചേതൻ കുമാർ മീണ അധ്യക്ഷതവഹിച്ചു.
14 ദുരിതാശ്വാസ ക്യാമ്പുകളിലായി 234 കുടുംബം
കൊല്ലം: മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ നിലവിൽ 14 ദുരിതാശ്വാസക്യാമ്പുകളിലായി 234 കുടുംബങ്ങളാണ് കഴിയുന്നത്. 797 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇവരിൽ 341 സ്ത്രീകളും 160 കുട്ടികളുമാണ്. 296 പുരുഷന്മാരാണുള്ളത്. ജില്ലയിൽ ഇതുവരെ ഒമ്പത് വീടുകളാണ് പൂർണമായി തകർന്നത്. 223 വീടുകൾ ഭാഗകിമായി തകർന്നു. 4.27 കോടിയുടെ കൃഷിനാശമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. മഴക്കെടുതിയിൽ ജില്ലയിലെ ആകെയുണ്ടായ നാശനഷ്ടം 8.57 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.