കൊല്ലം: ജില്ലയിൽ കാലവർഷത്തിനുശേഷമെത്തിയ മഴയിൽ ഗണ്യമായ കുറവുണ്ടായതായി കാലാവസ്ഥനിരീക്ഷണവകുപ്പ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പെയ്യാതെ മേയ് അവസാനത്തിൽ തകർത്തുപെയ്തതോടെ ജില്ലയിൽ ലഭിച്ചത് 26 ശതമാനം അധികമഴയായിരുന്നു.
എന്നാൽ, തുലാവർഷം ആരംഭിച്ചതുമുതൽ ഈ സീസണിലെ ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 14 വരെയുള്ള കാലാവസ്ഥവകുപ്പിന്റെ കണക്കുകൾ പ്രകാരം 20 ശതമാനം മഴയുടെ കുറവ് ജില്ലയിലുണ്ട്. സംസ്ഥാനത്തെതന്നെ ഏറ്റവും കുറവ് മഴയിൽ രണ്ടാം സ്ഥാനത്താണ് ജില്ല. ഒന്നാമത് എറണാകുളമാണ്. തുലാവർഷം തുടങ്ങിയശേഷം ജില്ലയിൽ 611.8 മില്ലീമീറ്റർ മഴയാണ് ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 14 വരെ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ലഭിച്ചതാകട്ടെ 491.7 മില്ലിമീറ്റർ മാത്രം. ജില്ലയുടെ കിഴക്കൻപ്രദേശങ്ങളായ പുനലൂർ, തെന്മല, അഞ്ചൽ, കുളത്തൂപ്പുഴ, ചടയമംഗലം എന്നിവിടങ്ങളിൽ രണ്ടുദിവസങ്ങളിലായി ശക്തമായ മഴ ലഭിക്കുമ്പോഴും മറ്റ് പ്രദേശങ്ങളിൽ മഴ കുറവായിരുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്.
അടുത്തദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായേക്കുമെന്ന് കാലാവസ്ഥനിരീക്ഷകർ പറയുന്നു. ഈ വർഷം വേനൽ മഴയിലും പ്രതീക്ഷിച്ചതിലും 26 ശതമാനത്തിന്റെ വർധന ജില്ലക്കുണ്ടായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 65 ശതമാനത്തിന്റെ കുറവായിരുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മഴയിൽ ഗണ്യമായ കുറവുണ്ടായിരുന്നെങ്കിലും മേയിൽ ശക്തമായ മഴ പല ഭാഗങ്ങളിലും ലഭിച്ചിരുന്നു. ജില്ലയുടെ മലയോര ഗ്രാമങ്ങൾ കുടിവെള്ളക്ഷാമത്തിലേക്ക് കടക്കാനിരിക്കെയാണ് കഴിഞ്ഞദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മഴയെത്തിയത്.
മഴക്കുറവ് ആശങ്കയേറ്റുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ മഴ ഗുണകരമാകുമെന്ന് കർഷകരും വിലയിരുത്തുന്നു. കഴിഞ്ഞ വേനൽമഴ ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റോടുകൂടി പെയ്തിറങ്ങിയതിനാൽ വിവിധയിടങ്ങളിൽ കൃഷിനാശവും വെള്ളക്കെട്ടും ദുരിതവും വിതച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ കിഴക്കൻമേഖലയിൽ മഴ ലഭിച്ചത് വാഴകർഷകർക്കും പച്ചക്കറി കർഷകർക്കും ഉപകാരപ്പെട്ടതായി കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.