ശാസ്താംകോട്ട: മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ശാസ്താംകോട്ട ഫോളിഡോർ ദുരന്തം നടന്ന് 66 വർഷം പിന്നിടുമ്പോൾ അന്ന് മരണെത്ത തോൽപ്പിച്ച മുഹമ്മദ് കുഞ്ഞ് എന്ന പൂരി ഇക്ക നടുക്കുന്ന ഓർമകളുമായി ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സലിം മൻസിലിൽ ഉണ്ട്. ശാസ്താംകോട്ട തടാകതീരത്ത് 1958 ഏപ്രിൽ 29നാണ് 64 ജീവനെടുത്ത വലിയ ഭക്ഷ്യദുരന്തമുണ്ടായത്.
പാരാമിലിട്ടറി ഫോഴ്സിന് പരിശീലനം നൽകുന്ന ഇന്ത്യയുടെ പ്രതിരോധവിഭാഗമായ ലോക് സഹായ് സേനയുടെ ശാസ്താകോട്ടയിലെ ക്യാമ്പിൽ പങ്കെടുത്ത സൈനികരും റിക്രൂട്ട്മെന്റിന് എത്തിയവരും ഉൾപ്പെടെയാണ് അന്ന് ശാസ്താംകോട്ടയിൽ മരിച്ചത്. പ്രഭാതഭക്ഷണത്തിന് വിളമ്പിയ പൂരിയായിരുന്നു വില്ലനായത്.
സേനയിലെ 41 ട്രെയിനികളും രണ്ട് പട്ടാള ഓഫിസർമാരും ക്യാമ്പിലെ മൂന്നുസഹായികളും നാട്ടിലെ 18 കുട്ടികളുമാണ് മരിച്ചത്. വലിച്ചെറിഞ്ഞ ഭക്ഷണം കഴിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കുരങ്ങുകളും പട്ടികളും കാക്കകളും മറ്റു പക്ഷികളും വരെ ചത്തു. പലരും വിലക്കിയിട്ടും ‘എന്റെ കുട്ടികളോടൊപ്പം ഞാനും പോകുന്നു’ എന്ന് പറഞ്ഞ് ക്യാമ്പ് കമാൻഡർ രാജമാണിക്യവും ഇതേ ഭക്ഷണം കഴിച്ച് മരിക്കുകയായിരുന്നത്രേ.
അന്ന് ശാസ്താംകോട്ടയിൽ ആശുപത്രി ഇല്ല. കിട്ടിയ വാഹനങ്ങളിൽ കുറെപ്പേരെ കൊല്ലത്ത് ആശുപത്രിയിൽ എത്തിച്ചു. ചികിത്സ കിട്ടി രക്ഷപ്പെട്ടവരിൽ ഒരാളാണ് മുഹമ്മദ് കുഞ്ഞ്. അന്ന് പൂരി കഴിച്ചതിനാൽ മുഹമ്മദ് കുഞ്ഞിനെ നാട്ടിൽ പൂരി ഇക്ക എന്നാണ് അറിയപ്പെടുന്നത്.
ക്യാമ്പിലുണ്ടായിരുന്ന പിതൃസഹോദരപുത്രൻ ഇബ്രാഹിംകുഞ്ഞ് താൽപര്യമെടുത്താണ് മുഹമ്മദ് കുഞ്ഞിനും കൂട്ടുകാർക്കും ഭക്ഷണം നൽകിയത്. കൂട്ടുകാരെല്ലാം മരിച്ചതായി മുഹമ്മദ് കുഞ്ഞ് പറയുന്നു. മുംബൈയിൽനിന്ന് കപ്പലിൽ കൊണ്ടുവന്ന ആട്ട ഉപയോഗിച്ച് ഉണ്ടാക്കിയ പൂരിയാണ് ജീവനെടുത്തത്.
കപ്പലിൽ സൂക്ഷിച്ചിരുന്ന ഫോളിഡോൾ എന്ന കീടനാശിനിയുടെ കാനുകൾ ചോർന്നൊലിച്ച് സമീപത്ത് ഉണ്ടായിരുന്ന ആട്ടയിൽ കലർന്നിരുന്നു. ഇതാണ് ദുരന്തകാരണമായത്. മുഹമ്മദ് കുഞ്ഞ് ചെറുകിട കച്ചവടങ്ങൾ നടത്തി മുന്നോട്ടുപോയി. പിന്നീട് ഷരീഫാബീവിയെ ജീവിതസഖിയാക്കി. ഇപ്പോൾ മക്കളായ സലിം, ഫാത്തിമ്മാബീവി, നബീസാ ബീവി, നൗഷാദ് എന്നിവരോടൊപ്പം താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.