ശാസ്താംകോട്ട: വര കൊണ്ട് വർണവിസ്മയം തീർക്കുന്ന സനിൽലാലിന്റെ ചിത്രങ്ങൾ കടൽ കടക്കുന്നു. റഷ്യ, ഒമാൻ, സൗദി ഉൾപ്പെടെ 15ഓളം വിദേശ രാജ്യങ്ങളിലെ ക്രിസ്ത്യൻ ആരാധനാലയങ്ങളിലും റിസോർട്ടുകളിലും ആർട്ട് ഗാലറികളിലും അടക്കം ഇതിനോടകം അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാനം പിടിച്ചു.
ചവറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകൻ മൈനാഗപ്പളളി കടപ്പ വർണരേഖയിൽ സനിൽലാലിന്റെ (53)ചിത്രങ്ങളാണ് കടൽ കടന്നും പെരുമ നേടുന്നത്. കൊല്ലം പ്രാക്കുളം പുതുവേലിൽ കെ.എസ്.ആർ.ടി.സി സീനിയർ സൂപ്രണ്ട് ആയിരുന്ന എസ്. രാമകൃഷ്ണന്റെയും വീട്ടമ്മയായ സുമതിയുടെയും മകനായ സനിൽലാൽ 1997ൽ മൈനാഗപ്പള്ളി കടപ്പ എൽ.വി. എച്ച്.എസിൽ ചിത്രകലാ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതോടെയാണ് മൈനാഗപ്പള്ളിയിൽ സ്ഥിര താമസമാക്കിയത്.
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായിരിക്കെ തന്നെ ചിത്രങ്ങൾ വരക്കുകയും ചിത്രകലയെ കുറിച്ച് അവഗാഹം നേടുകയുംചെയ്ത പിതാവാണ് ഈ വഴിയിൽ വഴിവിളക്കായത്.
മൂത്ത മകനായ റാം മോഹൻലാലിനെ ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കാൻ വിട്ടു. ചേട്ടൻ വരക്കുന്നത് കണ്ടാണ് സനിൽ ലാലും ഒന്നാം ക്ലാസ് മുതൽ ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. റാം മോഹൻലാൽ തന്നെ പീന്നീട് ഗുരുവായി സനിൽലാലിന് ചിത്രകലയെ കുറിച്ച് അറിവ്പകർന്നു. ഇവർക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. ഇവർ ഈ മേഖല തെരഞ്ഞെടുത്തില്ലങ്കിലും എല്ലാവരും നല്ല രീതിയിൽ ചിത്രങ്ങൾ വരക്കുന്നവർ തന്നെ.
എണ്ണഛായം, മ്യൂറൽ പെയിന്റിങ് ഉൾപ്പെടെ ചിത്രകലയുടെ എല്ലാ മാധ്യമങ്ങളിലും സനിൽ ലാൽ ചിത്രങ്ങൾ വരക്കും. ആയിരത്തോളം ചിത്രങ്ങൾ ഇതിനോടകം വരച്ചു. സ്വപ്നമുഖി, മഹാത്മഗാന്ധി, ഒ.എൻ.വി കുറുപ്പ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ.
ആളുകളുടെ താൽപര്യം അനുസരിച്ചും ചിത്രങ്ങൾ വരച്ച് നൽകും. 20 മുതൽ 50 മണിക്കൂർ വരെ ഒരു ചിത്രം പൂർത്തിയാക്കുന്നതിന് സമയമെടുക്കും. അധ്യാപക വൃത്തിക്കും ചിത്രരചനയോടുമൊപ്പം ഇതുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം വ്യാപൃതനാണ്. പ്രത്യാശ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ രോഗബാധിതരായ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്ര പ്രദർശനത്തിൽ മറ്റ് ചിത്രകല പ്രവർത്തകരോടൊപ്പം പങ്കെടുത്തതും കോവിഡ് കാലത്ത് ഓൺലൈനായി കുട്ടികൾക്ക് ചിത്രകലാ പരിശീലനം നൽകിയതും കൊല്ലം ഡി.ഡി ഓഫീസിന്റെ ചുവരുകളിൽ ചിത്രം വരച്ച് നൽകിയതും ഒക്കെ ചില ഉദാഹരണങ്ങൾ മാത്രമാണ്.
എറണാകുളം ആർട്ട് ഗാലറി, കായംകുളം കൃഷ്ണപുരം ആർട്ട് ഗാലറി, കണ്ണൂർ കതിരൂർ ചിത്ര ഗ്രാമം, 2022ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദി എന്നിവിടങ്ങളിലൊക്കെ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്.
ജില്ലയിലെ ചിത്രകല അധ്യാപകരുടെ കൂട്ടായ്മയായ ആംസിന്റെ പ്രസിഡന്റും കൃഷ്ണപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിത്രകലാ പ്രവർത്തകരുടെ കൂട്ടായ്മ ആയ സാഗ ആർട്സിന്റെ ഖജാൻജിയുമാണ്. ഫാഷൻ ഡിസൈനറായ സുജാതയാണ് ഭാര്യ. യു.കെയിൽ നഴ്സ് ആയ രാഖി എസ്. ലാലും ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർഥിയായ റാണ എസ്. ലാലും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.