ശാസ്താംകോട്ടയിലെ ഈറ്റ വിതരണകേന്ദ്രം അടച്ചിട്ട നിലയിൽ

ഈറ്റ തൊഴിലാളികൾക്ക് വറുതിയുടെ ഓണക്കാലം; ഈറ്റയും പണിയും ഇല്ല

ശാസ്താംകോട്ട: പരമ്പരാഗത തൊഴിൽ ഗണങ്ങളിൽ ഏറ്റവും പ്രധാനമായ ഈറ്റ തൊഴിലാളികൾക്ക് ഇത് വറുതിയുടെ ഓണക്കാലമാണ്​. ഈറ്റയും പണിയുമില്ലാത്തതാണ് ഇതിന് കാരണം.

ഈ മേഖലയിൽ പണിയെടുക്കുന്നവർ ഏറെ അധിവസിക്കുന്ന ജില്ലയാണ് കൊല്ലം. അതിൽതന്നെ ഏറ്റവും കൂടുതൽ കുന്നത്തൂരിലാണ്. നിരവധി പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 500 ൽ അധികം ആളുകൾ ഇപ്പോഴും ഈ തൊഴിലിൽ ഏർപ്പെട്ടുവരുന്നു. എന്നാൽ, കഴിഞ്ഞ ഒമ്പത്​ മാസത്തിലധികമായി ഇവർക്ക് ഈറ്റ ലഭിക്കുന്നില്ല.

ജി.എസ്.റ്റി ഇനത്തിൽ അടയ്ക്കേണ്ട മൂന്ന് കോടിയിൽ അധികം രൂപ അടയ്​ക്കാത്തതിനാൽ ഈറ്റവെട്ട് തടഞ്ഞിരിക്കുന്നതാണ് ഇതിന്​ കാരണം. എന്നാൽ, തങ്ങളുടെ പക്കൽനിന്ന്​ ഇത് ഈടാക്കിയിട്ടുണ്ടെന്നും തുക മറ്റിനത്തിൽ ചെലവഴിച്ചതാണ്​ ​പ്രതിസന്ധിക്ക്​ കാരണമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു. ബാംബു കോർപറേഷന്റെ ശാസ്താംകോട്ട മനക്കരയിലുള്ള ഡിപ്പോ വഴിയാണ് തൊഴിലാളികൾക്ക് ആവശ്യമുള്ള ഈറ്റ വിതരണം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ ആനമുഴി മേഖലയിൽനിന്ന്​ വെട്ടുന്ന ഈറ്റ കുമ്പഴ ഡിപ്പോയിൽ എത്തിക്കുകയും അവിടെനിന്ന് ശാസ്താംകോട്ടപോലുള്ള സബ് ഡിപ്പോകൾവഴി വിതരണം ചെയ്യുകയുമാണ് പതിവ്. എന്നാൽ, കഴിഞ്ഞ ഒമ്പത്​ മാസത്തിലധികമായി ഈറ്റ വിതരണം നടക്കുന്നില്ല.

ആഴ്ചയിൽ രണ്ട്​ ലോഡ് (500 കെട്ട്) ഈറ്റയായിരുന്നു ശാസ്താംകോട്ട ഡിപ്പോ വഴി വിതരണം ചെയ്തിരുന്നത്. ബാംബൂ കോർപറേഷനിൽ അംഗത്വമുള്ളവർക്ക് 98.50 രൂപ നിരക്കിൽ 3 കെട്ട് ഈറ്റ വിതരണം ചെയ്തിരുന്നു. ഇത് കൊണ്ട് കുട്ട, വട്ടി, മുറം തുടങ്ങിയ ഉൽപന്നങ്ങൾ ഇവർ നിർമിക്കുകയും ഇത് വിറ്റ് ഉപജീവനം നടത്തുകയുമായിരുന്നു പതിവ്. ഓണം ഉത്സവം മേളകളിലൂടെയാണ്​ ഇവരുടെ ഉൽപന്നങ്ങൾ അധികവും ചെലവഴിക്കപ്പെട്ടിരുന്നത്​. മുതിർന്നവരും സ്ത്രീകളുമാണ് പ്രധാനമായും ഉൽപന്ന നിർമാണ ജോലി ചെയ്യുന്നത്. എന്നതിനാൽ വരുമാനം നിലച്ച ഇവരുടെ ഉപജീവനംതന്നെ പ്രതിസന്ധിയിലാണ്​. ഓണക്കാലത്ത് ഈറ്റ ഉൽപന്നങ്ങൾ വലിയതോതിൽ വിറ്റഴിക്കപ്പെട്ടിരുന്നെങ്കിലും നിർമാണത്തിനുള്ള ഈറ്റ ലഭ്യമല്ലാത്തത് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷനുകളല്ലാതെ ബോണസോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അതിപ്രസരത്തിനിടയിലും ഈറ്റ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും എന്നാൽ, പണിക്കാവശ്യമായ ഈറ്റ കിട്ടാത്തതാണ് തങ്ങൾക്ക്​ തിരിച്ചടിയായതെന്നും ഇതിൽ പണിയെടുക്കുന്നവർ പറയുന്നു.

തുടരും...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.