ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിനും അതിന്റെ സംരക്ഷണത്തിനുംവേണ്ടി പോരാട്ടം നടത്തിയ കെ. കരുണാകരൻ പിള്ളയുടെ വിയോഗം പരിസ്ഥിതി സ്നേഹികൾക്കാകെ നൊമ്പരമായി. ജില്ല പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും ശാസ്താംകോട്ട തടാകസംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാനുമായ കരുണാകരൻ പിള്ളയെ വിശേഷിപ്പിക്കുന്നത് തടാകത്തിന്റെ സർവവിജ്ഞാനകോശം എന്നായിരുന്നു.
തടാകം സംബന്ധിക്കുന്ന ഏതു വിവരവും അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. അതു തടാകത്തിന്റെ ഭൗമ- പാരിസ്ഥിതിക വിവരങ്ങളായാലും കേന്ദ്ര-സംസ്ഥാന സർക്കാറുകളും വിവിധ ഏജൻസികളും അനുവദിച്ചതും ചെലവഴിക്കാത്തതും ആയ ഫണ്ടുകൾ ആയാലും.
അതുകൊണ്ടുതന്നെ തടാകത്തെക്കുറിച്ച് പഠിക്കാനും വിവരശേഖരണത്തിനും മറ്റുമായി എത്തുന്ന സംഘങ്ങൾ ആദ്യം എത്തുന്നത് ഇദ്ദേഹത്തിന്റെ അടുത്തായിരുന്നു.
ആരോഗ്യ വകുപ്പ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി വിരമിച്ച കരുണാകരൻ പിള്ള, ശാസ്താംകോട്ടയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതും പ്രദേശവാസികൾക്ക് ശല്യവുമായ കുരങ്ങുകളെ പിടിച്ച് കാട്ടിൽ വിടണമെന്ന ആവശ്യവുമായി 1993ൽ ഹൈകോടതിയെ സമീപിക്കുന്നതോടെയാണ് ശ്രദ്ധേയനാകുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും വ്യക്തിഹത്യകളും ഉയർന്നെങ്കിലും കോടതി ഇടപെട്ട് ഡൽഹിയിൽനിന്നുള്ള വാതാവരൻ എന്ന കുരങ്ങ് പിടിത്ത സംഘത്തെ എത്തിച്ച് കുരങ്ങുകളെ പിടിച്ചു മാറ്റുകയായിരുന്നു.
പിന്നീട് അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ
ആരംഭിച്ച തടാക സംരക്ഷണ ആക്ഷൻ കൗൺസിലിന്റെ സ്ഥാപക ജനറൽ കൺവീനറായി അദ്ദേഹം. പ്രഫ. ഗംഗ പ്രസാദ് ആയിരുന്നുചെയർമാൻ. 2011 ൽ പ്രഫ. ഗംഗ പ്രസാദ് മരിച്ചതോടെ കെ. കരുണാകരൻ പിള്ള ചെയർമാനായി. തടാക സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പടിഞ്ഞാറേ കല്ലടയിലെ അനധികൃത മണൽ - ചളി ഖനനത്തിനെതിരെയും ശക്തമായ നിലപാടുമായി മുന്നിൽ ഉണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടക്കം ശാസ്താംകോട്ടയിൽ എത്തിച്ച് തടാക സംരക്ഷണത്തിന് 56 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം നടത്തുന്ന തരത്തിൽ ശക്തമായ സമരം സംഘടിപ്പിച്ചതിനും മുന്നിലുണ്ടായിരുന്നു. എന്നാൽ, തടാക സംരക്ഷണം ഉദ്ദേശിച്ച തരത്തിൽ ലക്ഷ്യത്തിൽ എത്താത്തതിൽ ദുഃഖിതനായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.