മണ്ണൂർക്കാവ് ക്ഷേത്രത്തിലെ കഥകളിയരങ്ങ്
ശാസ്താംകോട്ട: രാത്രിയുടെ അന്ത്യയാമത്തിലും കഥകളിപ്പദങ്ങളും മേളപ്പെരുക്കങ്ങളും നിത്യവും ഒഴുകിയെത്തുകയാണ്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറ് പള്ളിക്കലാറ് അതിരിടുന്ന മണ്ണൂർക്കാവ് എന്ന കൊച്ചു ഗ്രാമത്തിന് മാത്രം ലഭിച്ച ഭാഗ്യമാണ് കഥകളി നിത്യവും കാണാനും കഥകളി ശീലുകൾ കേട്ടുറങ്ങാനും കഴിയുന്നത്.
മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിലെ അരങ്ങിലാണ് രാമനും കൃഷ്ണനും കംസനും കുചേലനും ദക്ഷനും ഭദ്രകാളിയും നളനും ദമയന്തിയുമെല്ലാം നിറഞ്ഞാടുന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കഥകളി അരങ്ങേറുന്ന ക്ഷേത്രമെന്ന ഖ്യാതി മണ്ണൂർക്കാവ് ക്ഷേത്രത്തിനാണ്. വർഷത്തിൽ നൂറു മുതൽ നൂറ്റിഅൻപതോളം കഥകളികളാണ് ഇവിടെ അരങ്ങേറുന്നത്.
ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി നേർച്ചയായാണ് കഥകളി സമർപ്പിക്കുന്നത്. ഇതര മതസ്ഥർ പോലും ഇവിടെ കഥകളി നേർച്ചയായി സമർപ്പിക്കുന്നുണ്ട്. മണ്ണൂർക്കാവിലെ കഥകളി നേർച്ച പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ തുടങ്ങിയതാണ്. പങ്കെടുക്കുന്ന കലാകാരന്മാരുടെയും അവതരിപ്പിക്കുന്ന കഥയുടെയും ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് 30,000 മുതൽ ഒന്നരലക്ഷം രൂപവരെ ഒരുകഥ അവതരിപ്പിക്കുന്നതിന് വേണ്ടിവരുമെങ്കിലും ഭക്തജനങ്ങൾ നൽകുന്ന തുകക്ക് അനുസരിച്ച് കഥകളി അവതരിപ്പിക്കുന്നതിനുള്ള സൗകര്യം ക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയിട്ടുണ്ട്.
ദക്ഷയാഗം, ഭദ്രകാളി വിജയം, ഹരിചന്ദ്രചരിതം, സമ്പൂർണ രാമായണം തുടങ്ങിയ കഥകളാണ് ഇവിടെ പ്രധാനമായും അരങ്ങേറുന്നത്. മറ്റ് കഥകളും അരങ്ങേറും. മണ്ണൂർക്കാവിലെ കഥകളിയെ കൂടുതൽ ജനകീയമാക്കുന്നതിനും കഥകളിയെ കൂടുതൽ അടുത്തറിയാനും 2011 മുതൽ ഇവിടെ 10 ദിവസം നീളുന്ന കഥകളി ഫെസ്റ്റും സംഘടിപ്പിച്ചുവരുന്നുണ്ട്. കഥകളി സോദാഹരണ ക്ലാസുകൾ, ചൊല്ലിയാട്ട കളരികൾ, ചമയ പ്രദർശനങ്ങൾ, ചർച്ചകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കാറുണ്ട്. കേരളത്തിലെമ്പാടുമുള്ള കഥകളി കലാകാരന്മാരും കഥകളി ആസ്വാദകരും വിദ്യാർഥികളും പൊതുജനങ്ങളും അടക്കം ഫെസ്റ്റിന്റെ ഭാഗമാകും.
2011 മുതൽ ഇവിടെ കഥകളി പഠനകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. വേഷം, മേളം എന്നിവയിലാണ് ക്ലാസുകൾ. ശരാശരി അൻപതോളം കുട്ടികൾ ഓരോ വർഷവും ഇതിൽ പ്രവേശനം തേടുന്നുണ്ട്. പ്രശസ്ത കഥകളി കലാകാരന്മാരായ കലാമണ്ഡലം പ്രശാന്ത് വേഷത്തിന്റെയും കലാഭാരതി മുരളി മേളത്തിന്റെയും പരിശീലന ചുമതല വഹിക്കുന്നു. സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ജില്ല-സംസ്ഥാന തലത്തിൽ മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ കുട്ടികളാണ് ഒന്നാമതെന്നുന്നത്.
മുമ്പൊക്കെ രാത്രി 10 ന് തുടങ്ങി പുലർച്ച വരെയാണ് കളികൾ നടന്നിരുന്നങ്കിൽ ഇപ്പോ കാലാനുസൃതമായി മാറ്റം വരുത്തി വൈകിട്ട് ആറിന് തുടങ്ങി രാത്രി 12ഓടെ അവസാനിക്കും. ആസ്വദിക്കാനെത്തുന്നവർക്കുൾപ്പെടെ ലഘു ഭക്ഷണവും ഏർപ്പെടുത്തും. നിത്യവും കഥകളി നടന്നിട്ടും നിറഞ്ഞ സദസ്സിന് മുന്നിലാണ് ഇവിടെ കഥകളി അവതരിപ്പിക്കുന്നത്. കേട്ടറിഞ്ഞ് വിദേശികളും ടൂറിസ്റ്റുകളും അടക്കം ഇവിടെ കഥകളി കാണാനെത്തുന്നുണ്ട്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കഥകളി നടക്കുന്ന സ്ഥലമായി മണ്ണൂർക്കാവ് ക്ഷേത്രത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് നിലവിലെ ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.