ശാസ്താംകോട്ട: ശാസ്താംകോട്ട തടാകം അനുദിനം നാശത്തിലേക്ക് നീങ്ങുമ്പോഴും തടാകസംരക്ഷണപ്രവർത്തനങ്ങൾക്ക് സംസ്ഥാന തണ്ണീർത്തട അതോറിറ്റി ചെലവാക്കിയത് 76.41 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. 2018 മുതൽ 2024 വരെ ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണപ്രവർത്തനങ്ങൾക്കായി സംസ്ഥാന തണ്ണീർത്തട അതോറിറ്റി ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് വെറ്റ്ലാൻഡ് ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ സിസ്റ്റം സർവിസിൽനിന്ന് 17.04 ലക്ഷവും മാനേജ്മെന്റ് ആക്ഷൻ പ്ലാൻ ഇനത്തിൽ 59.37 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്.
‘നമ്മുടെ കായൽ കൂട്ടായ്മ’ കൺവീനർ എസ്. ദിലീപ് കുമാറിന് ലഭിച്ച വിവരാവകാശരേഖയിലാണ് ഇൗ വിവരമുള്ളത്. തടാകസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിവിധ ഏജൻസികൾക്ക് നൽകിയ തുകയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാത് മെട്രി സർവേ 11,74,197 രൂപ, തടാകത്തിലെ ശുദ്ധജലമത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പഠനത്തിന് ഒമ്പത് ലക്ഷം, പായൽ നീക്കം ചെയ്യുന്നതിന് ഗ്രാമീണ ദാരിദ്ര്യമുക്തി കേന്ദ്രത്തിന് മൂന്ന് ലക്ഷം, ആസാദി കാ അമൃത് മഹോത്സവത്തിന് 95,000, പക്ഷിനിരീക്ഷണത്തിന് 2.40 ലക്ഷം, വൃഷ്ടിപ്രദേശ സംരക്ഷണം 40,000, തണ്ണീർത്തട പരിപാലനം, നിരീക്ഷണം 25.53 ലക്ഷം എന്നിങ്ങനെ 76.41 ലക്ഷം രൂപ ചെലവഴിച്ചതായാണ് രേഖകളിൽ. അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട് കായൽ എന്നിവയുടെ സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമാണിത്.
എന്നാൽ, ഇത്രയും തുക ചെലവഴിച്ച് പഠനങ്ങൾ നടത്തിയിട്ടും 2017-18ൽ മാനേജ്മെന്റ് ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് കൈമാറിയിട്ടും തുടർനടപടികളായിട്ടില്ല. തടാകസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിവിധ ഏജൻസികളിലെ ഗവ. ഓഫിസർമാരുടെ യോഗം അടുത്തകാലത്ത് ശാസ്താംകോട്ടയിലെ പ്രമുഖ ഹോട്ടലിൽ നടന്നു. യോഗത്തിന്റേതടക്കം ചെലവുകൾ ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തടാക പഠനത്തിന് ലക്ഷക്കണക്കിന് രൂപയാണ് വിവിധ ഏജൻസികൾ ചെലവഴിക്കുന്നത്.
സംരക്ഷണത്തിനായി ചെലവഴിച്ച തുകകൾ പ്രയോജനപ്പെടുന്ന ഏതെങ്കിലും പദ്ധതികളാക്കിയിരുന്നെങ്കിൽ അത് തടാകത്തിന് മുതൽക്കൂട്ടാകുമായിരുന്നെന്ന് എസ്. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥതലത്തിൽ തദ്ദേശീയമായ സമിതി ശാസ്താംകോട്ട തടാക സംരക്ഷണത്തിനായി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് നമ്മുടെ കായൽ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.