ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ ലഹരി മാഫിയ വർധിച്ചതോടെ പ്രതിരോധിക്കാൻ സമൂഹമാധ്യമ കൂട്ടായ്മകൾ രംഗത്ത്. രണ്ടാഴ്ചക്കിടെ ശാസ്താംകോട്ട പൊലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ പിടികൂടിയ ആറോളം കേസുകളിൽ നാലെണ്ണവും മൈനാഗപ്പള്ളിയിലാണ്. യുവതികൾ അടക്കമാണ് പിടിയിലായത്. മാരക രാസലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി മാഫിയയുടെ നിരവധി കേന്ദ്രങ്ങൾ മൈനാഗപ്പള്ളിയിലുണ്ട്. ഇതിൽ പ്രധാനം വേങ്ങയിലെ ആറാട്ട് ചിറയാണ്. രണ്ട് വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥയിലുള്ള മൂന്ന് ഏക്കറിൽ അധികം വരുന്ന ഒഴിഞ്ഞ പറമ്പ് കേന്ദ്രീകരിച്ചാണ് ലഹരി മരുന്ന് ഉപയോഗവും വിപണവും നടക്കുന്നത്. ഈ സ്ഥലം മുമ്പ് തന്നെ കുപ്രസിദ്ധിയാർജിച്ചതാണ്.
സമീപത്തെങ്ങും ആൾതാമസമില്ലാത്തതും ഇവർക്ക് സൗകര്യമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇവിടേക്ക് വാഹനങ്ങൾ വന്ന് പോകുന്നുണ്ട്. അപൂർവം അവസരങ്ങളിലാണ് പൊലീസോ എക്സൈസോ ഇവിടെ പരിശോധന നടത്തുന്നത്. വസ്തുവിലേക്ക് പ്രവേശനം നടത്താൻ കഴിയാത്തവിധം മതിലോ മുള്ളുവേലിയോ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മറ്റൊരു പ്രധാന സ്ഥലമാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം അവസാനിക്കുന്ന കരാൽ ജങ്ഷൻ. ട്രെയിനിൽ വന്ന് വിൽക്കുകയോ വാങ്ങുകയോ ചെയ്ത ശേഷം അടുത്ത ട്രെയിനിൽ മടങ്ങി പോകാം എന്ന സൗകര്യം ഇവിടെയുണ്ട്. വെളിച്ചക്കുറവും ആളൊഴിഞ്ഞ പ്രദേശവും എന്ന പ്രത്യേകതയും സൗകര്യമാണ്. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇവിടെ മാസങ്ങൾക്ക് മുമ്പ് ഒരു മിനി മാറ്റ്സ് ലൈറ്റ് സ്ഥാപിച്ചങ്കിലും ഇത് മറ്റൊരു സ്ഥലത്ത് ഇടാൻ പിന്നീട് ഇളക്കിക്കൊണ്ടുപോയി. ഇവിടെ തൂൺ അതേപടി നിൽക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.
മൈനാഗപ്പള്ളി ആശാരി മുക്ക്, ഐ.സി.എസ്, മണ്ണൂർക്കാവ്, തോട്ടുമുഖം, കാരൂർകടവ് തുടങ്ങിയ സ്ഥലങ്ങളും മൈനാഗപ്പള്ളിയിലെ പ്രധാന ലഹരി വിപണന കേന്ദ്രങ്ങളാണ്. പ്രധാനപ്പെട്ട സ്കൂളുകളുടെ മുൻവശം കേന്ദ്രീകരികരിച്ചും ലഹരി സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നതായാണ് വിവരം. ഈ സാഹചര്യത്തിലാണ് മൈനാഗപ്പള്ളിയിലെ പല സമൂഹ മാധ്യമ കൂട്ടായ്മകൾ പ്രതിരോധം സൃഷ്ടിക്കാൻ രംഗത്ത് വന്നത്. ബോധവത്ക്കരണം, പൊലീസിനും എക്സൈസിനും വിവരം കൈമാറൽ എന്നിവയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.