ശാസ്താംകോട്ട: തകർന്ന റോഡിൽ വിതറിയ മെറ്റൽ അപകടസാധ്യത വർധിപ്പിക്കുന്നു. ശാസ്താംകോട്ട കോളജ് റോഡിൽ പഴയ പാർക്കിന് മുന്നിലാണ് ഒരു മാസം മുമ്പ് മെറ്റൽ മിശ്രിതം ഇട്ടത്. വാഹനങ്ങൾ കയറിയതോടെ ഇളകി പരന്ന നിലയിലാണ്. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമായ ഇവിടെ മെറ്റൽ ഇളകി കിടക്കുന്നത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു. മെറ്റൽ പാകിയ ശേഷം ടാറിങ് നടത്താൻ അധികൃതർ തയാറാവാത്തതാണ് പ്രശ്നമായത്.
ഇരുചക്രവാഹനയാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നിരവധി തവണ ശാസ്താംകോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ യാത്ര ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ശാസ്താംകോട്ട കോളജിൽ മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടി നടന്നു.
രണ്ട് മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്ത പരിപാടി യിൽ റോഡിന്റെ തകർച്ച വിഷയമാവുമെന്ന് മുന്നിൽ കണ്ടാണ് തകർന്ന റോഡിൽ മെറ്റൽപാകി അറ്റകുറ്റപണി നടത്തുന്നുവെന്ന പ്രതീതി സൃഷ്ടിച്ചത്.
ശാസ്താംകോട്ട കോളജ്, കുന്നുംപുറം പ്രദേശം, സ്റ്റേഡിയം, പൊലീസ് സ്റ്റേഷൻ, പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസ്, താലൂക്ക് ഓഫിസ്, കോടതി, കായൽ തീരം, ട്രഷറി, ബി.ആർ.സി, താലുക്ക് ആശുപത്രി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് പോകേണ്ട റോഡാണിത്. കഴിഞ്ഞ 15 വർഷത്തിലധികമായി റോഡിൽ യാതൊരു പണികളും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.