ശാസ്താംകോട്ട: ലങ്ക കാണാൻ കടൽ കടക്കേണ്ട, ഇങ്ങ് ശൂരനാട്ടുമുണ്ട് ഒരു കൊച്ചുലങ്ക. ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ കിടങ്ങയം വടക്ക് 16-ാം വാർഡിന്റെ പടിഞ്ഞാറ് അറ്റമുള്ള സ്ഥലമാണ് ഇപ്പോൾ ലങ്ക എന്ന് അറിയപ്പെടുന്നത്. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാലാണ് ലങ്ക എന്ന് അറിയപ്പെടാൻ തുടങ്ങിയത്. വടക്കും പടിഞ്ഞാറും പള്ളിക്കലാറും തെക്ക് ഭാഗത്ത് ആറിന്റെ ഭാഗമായിട്ടുള്ള പുഞ്ചയുമാണ്.
കിഴക്ക് ഭാഗത്ത് നിന്ന് മാത്രമാണ് ഇവിടേക്ക് കരമാർഗം പ്രവേശിക്കാൻ കഴിയൂ. പടിഞ്ഞാറേ അറ്റത്ത് വലിയ തറകടവ് ഉണ്ട്. ഇവിടെ കടത്തുവള്ളങ്ങൾ ഉണ്ട്. കടത്ത് ഇറങ്ങിയാൽ കരുനാഗപ്പള്ളി മണ്ഡലമാണ്. തൊടിയൂർ, കാരൂർ കടവ്, ഇടകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാം. ഇവിടെ പാലം പണിയുന്നതിന് 10 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടും സാങ്കേതിക തടസങ്ങൾ മൂലം പണി നീണ്ട് പോവുകയാണ്.
മറ്റ് സ്ഥലങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കുന്ന ഈ സ്ഥലത്ത് കേവലം മുപ്പത്തിഅഞ്ചോളം വീട്ടുകാർ മാത്രമാണ് താമസം. പ്രകൃതി മനോഹാരിതയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ആറും പുഞ്ചയും ഹരിതാഭയും നിശബ്ദതയും ഇഴുകിചേർന്ന സ്ഥലം. വേനലിൽ നാട് വെന്തുരുകിയപ്പോഴും നിരവധി പേരാണ് സൗന്ദര്യം ആസ്വദിക്കാനെത്തിയത്. ഇനിയും ഈ സ്ഥലത്തിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രദ്ധിച്ചിട്ടില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് കെ.ടി.ഡി.സി ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇവിടെയുള്ള കാവുംകുളം ക്ഷേത്രവുമൊക്കെയായി ബന്ധിപ്പിച്ച് 50 ലക്ഷം രൂപയുടെ ചില ടൂറിസം പദ്ധതികൾക്ക് ശ്രമിച്ചങ്കിലും തുകയുടെ അപര്യാപ്തത മൂലം നടപ്പിലാക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ ജില്ലപഞ്ചായത്ത് ചില പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. വർഷങ്ങൾക്ക് മുമ്പ് വരെ കന്നേറ്റിയിൽ നിന്ന് ആരംഭിച്ച് കല്ലുകടവ് - കാരൂർകടവ് വഴി ബോട്ട് സർവീസ് ഉണ്ടായിരുന്നു. ആറിന്റെ ആഴം കുറയുകയും പായൽ നിറയുകയും ചെയ്തതോടെ ബോട്ട് സർവീസ് നിലച്ചു. ഇത് പുനരുജ്ജീവിപ്പിക്കുകയും ടൂറിസം പദ്ധതികൾ നടപ്പിലാക്കുകയും ചെയ്താൽ ലങ്കയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താമെന്നാണ് പ്രദേശവാസികളുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.