കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് മാലിന്യം നീക്കം ചെയ്യുന്നു
ശാസ്താംകോട്ട: കാരാളിമുക്ക്-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യക്കൂമ്പാരം നീക്കി. മാലിന്യമുക്തം നവകേരളം പദ്ധതിപ്രകാരം പഞ്ചായത്തംഗം ബി. സേതുലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി.കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുകയും ഞായറാഴ്ച മണ്ണുമാന്തിയന്ത്രവും ടിപ്പർലോറിയും ഉപയോഗിച്ച് മാലിന്യം നീക്കുകയുമായിരുന്നു. 14 ലോഡ് മാലിന്യമാണ് നീക്കിയത്. കാരാളിമുക്ക്-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം കുന്നുകൂടുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു
റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരുൾപ്പെടെ നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന റോഡിൽ മൂക്ക് പൊത്താതെ നടക്കാൻ കഴിയില്ലായിരുന്നു. കാരാളിമുക്കിൽനിന്ന് റെയിൽവേ സ്റ്റേഷൻ വരെ രണ്ട് കിലോമീറ്ററോളമുള്ള റോഡിന്റെ ഒരുഭാഗം റെയിൽവേ ട്രാക്കാണ്. പ്രദേശം കാടുപിടിച്ചതും മറുഭാഗത്ത് ഒറ്റപ്പെട്ട വീടുകളും മാത്രമുള്ളതും മാലിന്യനിക്ഷേപകർക്ക് അനുകൂലമായിരുന്നു. രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യനിക്ഷേപം.
കോഴി ഫാമുകൾ, വീടുകൾ, ഹോട്ടലുകൾ തുടങ്ങിയയിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, ബാർബർ ഷാപ്പുകളിൽ നിന്ന് ചാക്ക് കണക്കിന് മുടി, അപ്ഹോൾസ്റ്ററി കടകളിൽനിന്നുള്ള മാലിന്യം, പഴയ തുണികൾ, ചെരിപ്പുകൾ തുടങ്ങിയവയെല്ലാം ഇവിടെയാണ് തള്ളിയിരുന്നത്. ഇതുമൂലം നായ്ശല്യവും വ്യാപകമായിരുന്നു. നായ്ക്കൾ മാലിന്യം റോഡിലേക്ക് വലിച്ചിട്ട് കാൽനട പോലും പ്രയാസമായിരുന്നു. വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യാൻ ഗ്രാമ പഞ്ചായത്തംഗം തീരുമാനിച്ചത്.
താലൂക്കിലെ പ്രധാന മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കാൻ 14 ലക്ഷം രൂപയുടെ പദ്ധതി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് തയാറാക്കുകയും ചില സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ തൂൺ സ്ഥാപിച്ചങ്കിലും കാമറ സ്ഥാപിച്ചിരുന്നില്ല. ഇതാണ് ഇവിടെ വലിയ തോതിൽ മാലിന്യം നിക്ഷേപിക്കാൻ കാരണമായത്. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിഹിതം ഉപയോഗിച്ച് മാർച്ചിൽതന്നെ റെയിൽവേ സ്റ്റേഷൻ റോഡിൽ നാല് കാമറ സ്ഥാപിക്കുമെന്നും ഗ്രാമ പഞ്ചായത്ത് അംഗം ബി. സേതുലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.