കൊല്ലം: മണ്ണ് നീക്കി റിങ്ങുകൾ സ്ഥാപിക്കുന്നതിനിടെയാണ് ചെറിയതോതിൽ മണ്ണ് ചൊരിഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണ് തുടങ്ങിയതെന്ന് ഷമീർ ഓർക്കുന്നു. ഈസമയം തൊട്ടടുത്തുള്ള റോഡിൽകൂ ടി ഏതോ വാഹനം കടന്നുപോയിരുന്നു. ഇതിന്റെ കുടുക്കംകൂടിയാകം കൂടുതൽ മണ്ണ് ഉള്ളിലേക്ക് വീണ് തുടങ്ങി.
ഈ സമയം താഴെനിന്ന വിനോദിന്റെ ദേഹത്തേക്ക് പെട്ടെന്ന് കൂടുതൽ മണ്ണ് പതിക്കുകയായിരുന്നു. ഇതോടെ ഷമീർ അടക്കമുള്ള തൊഴിലാളികൾ മണ്ണിനടിയിൽപെടാതെ പെട്ടെന്ന് മാറിയെങ്കിലും വിനോദിന് ഒഴിഞ്ഞുമാറാനോ മുകളിലേക്ക് കയറാനോ സാധിച്ചില്ല.
ഉച്ചത്തിൽ വിളിക്കാൻപോലും കഴിയാതെ മണ്ണിൽ പുതഞ്ഞ വിനോദിന്റെ ജീവൻ അപകടത്തിലാവുമെന്ന് മനസ്സിലാക്കിയ ഷമീർ ഉടൻ കഴുത്തിന്റെ ഭാഗംവരെയുള്ള മണ്ണ് നീക്കി. ഈസമയം കൂടുതൽ മണ്ണ് കിണറ്റിനുള്ളിലേക്ക് പതിച്ചു. കഴുത്തറ്റംവരെയുള്ള മണ്ണ് നീക്കാനായതുകൊണ്ടാണ് വിനോദിന് ശ്വാസമെടുക്കാനും ജീവൻ നിലനിർത്താനുമായത്. പത്തുവർഷമായി കിണർ പണിക്ക് പോകുന്നയാളാണ് ഷമീർ.
മരണമുഖത്തുനിന്ന് വിനോദിനെ രക്ഷിക്കാനായതിന്റെ ആശ്വാസം ഇദ്ദേഹം പങ്കുവെക്കുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ വിശ്വനാഥ്, ജയകുമാർ, ഡൊമിനിക്ക് എഡ്മണ്ട്, ശരത്, റോയി, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണിൽനിന്ന് വിനോദിനെ സുരക്ഷിതയായി മുകളിലെത്തിക്കാനുള്ള ശ്രമം നടത്തിയത്. കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര എന്നിവിടങ്ങളിൽനിന്നുള്ള പൊലീസും സ്ഥലത്തെത്തിയിരുന്നു.
കൊല്ലം: മതേതര നഗറിൽ രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ശാസ്താംകോട്ടയിൽനിന്ന് വാട്ടർ അതോറിറ്റി എത്തിക്കുന്ന കുടിവെള്ളമാണ് ജനങ്ങളുടെ മുഖ്യ ആശ്രയം.
എന്നാൽ, മിക്കദിവസങ്ങളിലും ഈ ഭാഗത്ത് വെള്ളം കിട്ടാറില്ല. അതിനാൽ പലരും കിണറും കുഴൽകിണറുമൊക്കെയാണ് കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത്. മണലിൽ ജങ്ഷനിൽനിന്ന് ഈ മേഖലയിലേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇവിടത്തെ പമ്പ് ഹൗസ് പ്രവർത്തിക്കാത്ത സാഹചര്യമാണ്. ഇതും ജലക്ഷാമം രൂക്ഷമാക്കുന്നു.
പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ കിണർകൂടി നിർമിക്കാൻ ഉടമകൾ നിർബന്ധിതമാകുകയാണ്. വേനൽ കനക്കുമ്പോൾ കിണറുകളിലും കുഴൽകിണറുകളിലും ആവശ്യത്തിന് വെള്ളം കിട്ടാത്ത സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.