കൊല്ലം: ജലഗതാഗതത്തെ ആശ്രയിച്ച് ജീവിതം നീങ്ങുന്ന പെരുങ്ങാലത്തേക്ക് സോളാർ ബോട്ട് അനുവദിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ജലഗതാഗത വകുപ്പ് ആരംഭിക്കുന്ന സോളാർ ബോട്ടുകളിൽ ഒരെണ്ണം സർവീസിനായി അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
കൊല്ലം സ്റ്റേഷന്റെ പരിധിയിലുള്ള പേഴുംതുരുത്ത് വഴി പെരുങ്ങാലത്തേക്ക് പുതിയ ബോട്ട് അനുവദിച്ചാൽ നൂറുകണക്കിന് പേർക്ക് പ്രയോജനപ്പെടും.
പ്ലസ്ടുവിന് മാത്രം 350 കുട്ടികൾ പഠിക്കുന്ന പെരുങ്ങാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഏക ഗതാഗത മാർഗം സംസ്ഥാന ജലഗതാഗത വകുപ്പ് കൊല്ലം സ്റ്റേഷന്റെ പരിധിയിലുള്ള പെരുങ്ങാലം ബോട്ട് സർവീസ് മാത്രമാണ്.
രാവിലെയും വൈകിട്ടും പ്ലസ്ടു വിദ്യാർഥികളെയും, അധ്യാപകരെയും നിലവിലുള്ള ബോട്ടിൽ ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ട് ട്രിപ്പുകളിലായിട്ടാണ് കയറ്റുന്നത്. നിലവിൽ സർവീസ് നടത്തുന്ന പെരുങ്ങാലം ബോട്ട് വളരെ കാലപ്പഴക്കം ചെന്നതാണെന്നും വിദ്യാർഥികൾ ഉൾപ്പെടെ യാത്രക്കാരുടെ ജീവന് അപകട ഭീഷണിയായിട്ടുള്ളതുമാണെന്നും യാത്രക്കാർ പറയുന്നു.
പുതിയൊരു സർവീസ് കൂടി അനുവദിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്. പുതുതായി നീറ്റിലിറക്കുന്ന 75 പേരെ ഉൾക്കൊള്ളുന്ന സോളാർ ബോട്ട് ഈ റൂട്ടിൽ അനുവദിച്ചാൽ വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ ഉപയോഗപ്രദമാകും.
‘ സോളാർ ബോട്ട് അനുവദിക്കണം’
കൊല്ലം: ജലഗതാഗത വകുപ്പിന്റെ സോളാർബോട്ട് സർവീസ് പെരുങ്ങാലത്തിന് അനുവദിക്കണ്ടേത് ന്യായവും ഉചിതവുമാണന്ന് വാട്ടർ ട്രാൻസ്പോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി. വിദ്യാർഥികളുടെ ഉൾപ്പെടെ സുരക്ഷിതത്വത്തിനും സുഗമമായ യാത്രക്കും പുതിയ ബോട്ട് ഉപയോഗപ്രദമാകും. കാവനാട് - സാമ്പ്രാണിക്കോടി ഫെറി സർവീസ് നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടു. സാമ്പ്രാണിക്കോടി ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിച്ചേരാൻ കാവനാട് -സാമ്പ്രാണിക്കോടി ഫെറി സർവീസ് അടിയന്തിരമായി പുനരാരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ജെ. ഷൈൻകുമാർ ഉദ്ഘാടനം ചെയ്തു. കെ. രാജശേഖരൻപിള്ള അധ്യക്ഷത വഹിച്ചു.
ആന്റണി വടക്കുംതല, ജോസഫ് അരവിള, സജീവ് പരിശവിള, രേഖ രവികുമാർ, ജോയി പെരുമൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.