ഓയൂർ: വെളിയത്തും പരുത്തിയറയിലും പൂയപ്പള്ളിയിലും പേപ്പട്ടിശല്യം രൂക്ഷം; പ്രദേശവാസികൾ ഭീതിയിൽ. കഴിഞ്ഞ ദിവസം രാവിലെ പരുത്തിയറയിൽ നിരവധി ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും തെരുവ് നായകൾക്കും പേപ്പട്ടിയുടെ കടിയേറ്റു.
പത്ര ഏജന്റ് പള്ളി വിളയിൽ മോനച്ചൻ, തൊഴിലുറപ്പ് തൊഴിലാളി വത്സല, കോളനി സ്വദേശി ഗോപി എന്നിവരെയും കഴിഞ്ഞ ദിവസം നായ് കടിച്ചു. വെളിയം, വെളിയം കോളനി, പൂയപ്പള്ളി എന്നിവിടങ്ങളിലും ആളുകൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. പേപ്പട്ടികളെപ്പേടിച്ച് പ്രഭാത സവാരിക്ക് മടിക്കുന്നു.
വിദ്യാർത്ഥികളെ സ്കൂളിലേക്കയക്കാൻ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളിൽ ചില മൃഗസ്നേഹികൾ തെരുവോരങ്ങളിൽ ഭക്ഷണം നൽകുന്നതും അറവ് ശാലകളിലെയും കോഴിഫാമുകളിലെയും അവശിഷ്ടങ്ങളും തെരുവോരങ്ങളിൽ ഉപേക്ഷിക്കുന്നതും തെരുവ് നായ്ക്കൾ പെരുകാൻ കാരണമാണെന്ന് വിലയിരുത്തുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് പിടിച്ചു കൊണ്ടുപോയി വന്ധ്യംകരണം നടത്തിയ നായ്ക്കളെ പൂയപ്പള്ളിയിലും വെളിയത്തും വാഹനങ്ങളിലെത്തിച്ച് തെരുവോരങ്ങളിൽ കൊണ്ടിറക്കുന്നതും പതിവായിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വെളിയം പരുത്തിയറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞച്ചൻ പരുത്തിയറ, മഹാത്മാഗാന്ധി പുരുഷ സ്വയം സഹായക സംഘം സെക്രട്ടറി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.