കൊല്ലം: എത്ര വെല്ലുവിളി ഉയർന്നാലും കൊല്ലം നഗരത്തിൽ തെരുവുകച്ചവടക്കാർക്ക് പ്രത്യേക സ്ഥലമൊരുക്കി സ്ട്രീറ്റ് വെൻഡിങ് സോൺ സ്ഥാപിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കോർപറേഷൻ തയാറാക്കിയ പട്ടികയിൽ ഉൾപ്പെട്ട വഴിയോര കച്ചവടക്കാർക്ക് ഐഡി കാർഡ് നൽകി തെരഞ്ഞെടുപ്പ് നടത്തി സമിതി രൂപവത്കരിച്ചുവേണം ഇത്നടപ്പാക്കാൻ. ഇക്കാര്യം നീളുന്നതിനാലാണ് അനധികൃത കച്ചവടക്കാർ കൂടുന്നതെന്നും മേയർ പറഞ്ഞു. ഇതിനിടെ നഗരത്തിൽ തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ഹണി ബെഞ്ചമിൻ ആരോപിച്ചു. ദിവസേന 500, 1000 രൂപ വീതം പിരിവ് വാങ്ങി ആളുകളെ ഓരോ സ്ഥലത്തും കൊണ്ടിരുത്തുകയാണെന്നും അത്തരക്കാരുടെ പേര് വേണമെങ്കിൽ പറയാമെന്നും അവർ പറഞ്ഞു. ഇതിനെതിരെ സി.പി.എം കൗൺസിലർ എം. സജീവ് രംഗത്തെത്തി. ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും ആവശ്യപ്പെട്ടു. വലിയ റാക്കറ്റ് ആണ് വഴിയോര കച്ചവടമേഖല നിയന്ത്രിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധുവും ആരോപിച്ചു. പാവപ്പെട്ടവർക്ക് കിട്ടാനുള്ള ആനുകൂല്യമാണ് ഇത്തരക്കാർ തട്ടിയെടുക്കുന്നത്.
കള്ളത്തരം നടത്തുന്നവരെ കണ്ടെത്തുകയല്ല മേയറുടെ പണിയെന്നും വെൻഡിങ് സോൺ എന്ത് വെല്ലുവിളി നേരിട്ടും നടപ്പാക്കുമെന്നും മേയർ പറഞ്ഞു. പള്ളിത്തോട്ടത്ത് രണ്ടായിരത്തോളം വീടുകൾക്ക് നമ്പർ ലഭിക്കാത്തത് കാര്യമായ ചർച്ചയായി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി അധ്യക്ഷൻ ജോർജ് ഡി. കാട്ടിൽ, കൗൺസിലർമാരായ ടോമി, സ്റ്റാൻലി എന്നിവർ ഇക്കാര്യത്തിൽ നടപടിക്കായി രൂക്ഷമായ വാദമുയർത്തി. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ വലിയ വീടുകൾ വെച്ചത് മുനിസിപ്പൽ ചട്ടലംഘനമാണെന്നും ഇതിനെ മറികടന്ന് വീട്ടുനമ്പർ നൽകണമെങ്കിൽ സർക്കാർ തന്നെ വിചാരിക്കണമെന്നും മേയർ വ്യക്തമാക്കി. സർക്കാർതലത്തിലെ പരിശോധന വേഗത്തിലാക്കാൻ സർക്കാറിന് കത്ത് നൽകും. വിവിധ മേഖലകളിൽ കുടിവെള്ളം ലഭിക്കാത്ത വിഷയം ഉന്നയിച്ച എം. പുഷ്പാംഗദൻ നടപടി ഉണ്ടായില്ലെങ്കിൽ താനുൾപ്പെടെ മൂന്ന് കൗൺസിലർമാർ ഇറങ്ങിപ്പോകുമെന്നും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എസ്. ജയനും യു. പവിത്രയും പ്രതിപക്ഷാംഗങ്ങളുമായുള്ള വാഗ്വാദത്തിനും ഇത് വഴിവെച്ചു. സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, കൗൺസിലർമാരായ സ്വർണമ്മ, കുരുവിള ജോസഫ്, ടി.ജി. ഗിരീഷ്, അഭിലാഷ് എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.