കൊല്ലം: വേനൽ ശക്തമായതോടെ പഴവിപണിയിലും ‘ചൂടേറി’. ജ്യൂസുകൾക്ക് ഉൾപ്പെടെ ആവശ്യക്കാർ ഏറിയതാണ് പഴങ്ങളുടെ വില വർധിക്കാൻ കാരണം. തണ്ണിമത്തൻ, സീഡ്ലെസ് മുന്തിരി, ഓറഞ്ച് തുടങ്ങി ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ആവശ്യക്കാരേറെയും.
തണ്ണിമത്തൻ കിരൺ (കടുംപച്ച), മഞ്ഞ, ഇളംപച്ച നിറത്തിലുള്ള വലിയ തണ്ണിമത്തൻ, അകം മഞ്ഞനിറത്തിലുള്ളവ എന്നിവയാണ് വിപണിയിലുള്ളത്. കിലോയ്ക്ക് 30 മുതൽ 50 രൂപ വരെ വിലയുണ്ട്. കർണാടകയിൽനിന്നാണ് കേരളത്തിലേക്ക് കിരൺ തണ്ണിമത്തനെത്തുന്നത്. സാദാ തണ്ണിമത്തന് കിലോക്ക് 30 രൂപ മുതലാണ് വില.
ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച് 100 രൂപ മുതലാണ് വില. മുന്തിരി തരം അനുസരിച്ച് കിലോക്ക് 150 രൂപ മുതൽ 200 രൂപ വരെയുണ്ട്. ചെറുനാരങ്ങയുടെ വിലയും താരതമ്യേന ഉയർന്നുതന്നെയാണ്. കിലോക്ക് 120 മുതൽ 150 രൂപവരെയാണ് പൊതുവിപണിയിലെ വില. ചൂടുകൂടിയതിനാൽ വിളവ് കുറഞ്ഞതാണ് വിലയുയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. അതേസമയം വാഴപ്പഴങ്ങളായ ഏത്തപ്പഴം, ഞാലിപ്പൂവൻ എന്നിവക്ക് കാര്യമായി വില വർധിച്ചിട്ടില്ല.
കിലോയ്ക്ക് 50 രൂപയിൽ താഴെയാണ് വില. നിലവിൽ ഇറാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ഗാല, പിക്ലേഡി എന്നീ ആപ്പിളുകളാണ് വിപണിയിലുള്ളത്. കാശ്മീരി ആപ്പിളുകൾക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ലഭ്യമല്ല. ജില്ലയിൽ 40 ഡിഗ്രിയോളമാണ് കഴിഞ്ഞദിവസത്തെ ഉയർന്ന ചൂട്. ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊല്ലുന്ന ചൂടില്‍ വഴിയോരങ്ങളിൽ ശീതളപാനീയ കടകളുടെ എണ്ണവും വർധിക്കുകയാണ്. തണ്ണിമത്തൻ ജ്യൂസ്, നാരങ്ങ വെള്ളം, മറ്റ് പാനീയങ്ങൾ, കരിക്ക് എന്നിവയുടെ കടകളാണ് അധികവും. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവക്കും ഡിമാൻഡുണ്ട്. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് 25 മുതൽ 30 രൂപ വരെയാണ് ഈടാക്കുന്നത്.
സോഡാ നാരങ്ങാവെള്ളത്തിന് 25 മുതൽ 30 വരെയുണ്ട് വില. എന്നാൽ, എല്ലാ കടകളും പ്രവൃത്തിക്കുന്നത് വൃത്തിയായ സാഹചര്യത്തിലല്ലെന്നും ചിലയിടങ്ങളിൽ അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കൊട്ടാരക്കര ടൗണിലെ ബേക്കറിയില്‍നിന്ന് കൊട്ടാരക്കര ഡെപ്യൂട്ടി തഹസില്‍ദാർ വാങ്ങിയ ഒരു ഗ്ലാസ് സോഡാ നാരങ്ങാവെള്ളത്തിന് ഈടാക്കിയത് 48 രൂപയായിരുന്നു. ജില്ലാ സപ്ലൈ ഓഫിസർക്ക് അദ്ദേഹം ബില്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.