കൊല്ലം: പ്രതിരോധ കുത്തിവെപ്പ് എടുത്തതിനെതുടർന്ന് കടുത്ത അണുബാധയുണ്ടായി പത്ത് വയസ്സുകാരിയുടെ കൈയിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്ന സംഭവത്തിൽ നീതി നിഷേധമെന്ന് മാതാപിതാക്കൾ. ജൂൺ ഏഴിന് നെടുമ്പന പഞ്ചായത്തിലെ പള്ളിമൺ വട്ടവിള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 10ാം വയസ്സിനുള്ള പ്രതിരോധ കുത്തിവെപ്പെടുത്ത പള്ളിമൺ തെക്കുംഭാഗം തുമ്പറ പണയിൽ ആഷിക്കാ മൻസിലിൽ അമീർഖാൻ-സുൽഫത്ത് ദമ്പതികളുടെ മകൾ ആഷിക്കയാണ് അണുബാധയെ തുടർന്ന് കടുത്ത ദുരിതത്തിലായത്. കുത്തിവെപ്പെടുത്ത ഇടതുകൈയിൽ തടിപ്പും നീരും വേദനയും കാരണം കുട്ടി ബുദ്ധിമുട്ടിലായി.
രണ്ടുദിവസത്തിന് ശേഷം ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ കൈ മുറിച്ചുമാറ്റേണ്ടിവരും എന്നറിയിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി 17 ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ആരോഗ്യകേന്ദ്രത്തിൽ െവച്ച് കുത്തിവെപ്പ് എടുത്ത നഴ്സ്, മേൽനോട്ടം വഹിച്ച ഹെഡ് നഴ്സ് എന്നിവരുടെ ഭാഗത്ത് നിന്ന് തുടക്കം മുതലുള്ള പിഴവാണ് കുട്ടിയുടെ ദുഃസ്ഥിതിക്ക് കാരണമെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കുത്തിവെപ്പ് എടുത്ത നിമിഷം മുതൽ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത് ശ്രദ്ധയിൽപെടുത്തിയിട്ടും ഇവർ നിസ്സാരവത്കരിച്ചു. പ്രശ്നം രൂക്ഷമായതിനെ തുടർന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചപ്പോൾ സമീപത്തെ ടി.ബി ആശുപത്രിയിൽ കാണിക്കാൻ നിർദേശിച്ചു. ഇവിടത്തെ ചികിത്സയിലും വ്യത്യാസമുണ്ടായില്ല. കുട്ടിയുടെ അസ്വസ്ഥത യഥാസമയങ്ങളിൽ അറിയിച്ചിട്ടും ശരിയായ ചികിത്സ താമസിപ്പിക്കുന്ന നടപടികളാണ് നഴ്സുമാരുടെയും ഡോക്ടറുടെയും ഭാഗത്ത് നിന്നുണ്ടായത് എന്നാണ് ആരോപണം.
മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന കാര്യം അറിയിച്ചപ്പോൾ സ്വകാര്യ മെഡിക്കൽ കോളജിൽ പോകാൻ നിർബന്ധിക്കുകയും ബിൽ തുക മുഴുവൻ നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, ഉറപ്പ് പാലിച്ചില്ല. ജില്ല മെഡിക്കൽ ഓഫിസർക്ക് നൽകിയ പരാതിയിൽ അന്വേഷണത്തിനായി കഴിഞ്ഞ 16ന് മെഡിക്കൽ സംഘം മൊഴിയെടുത്തെങ്കിലും ആരോഗ്യപ്രവർത്തകരുടെ വിശദീകരണമോ മറ്റ് നടപടികളോ ഇതുവരെ അറിയിച്ചിട്ടില്ല. ഡി.എം.ഒയുടെ റിപ്പോർട്ട് ലഭിക്കാത്തതിനാൽ നടപടിയെടുക്കാനാകില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നൽകിയ പരാതിയിലും നടപടിയില്ല. സ്കൂളിൽ പോകാൻ കഴിയാതെ കുട്ടി ഇപ്പോഴും വീട്ടിൽ വേദന സഹിച്ച് കഴിയുകയാണ്. ഒരു ലക്ഷത്തിലധികം രൂപയുടെ ആശുപത്രി ബിൽ കുടുംബത്തിന് താങ്ങാവുന്നതിലും അധികബാധ്യതയായെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും മാതാപിതാക്കൾ പറഞ്ഞു. അടിയന്തരമായി നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനറായ ഫൈസൽ കുളപ്പാടം പറഞ്ഞു. ബി.ജെ.പി നേതാവ് സുരേഷ് ബാബുവും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.