കൊല്ലം : കാഷ്യു കോർപറേഷൻ-കാപെക്സ് ഫാക്ടറികളിൽ ഇത്തവണയും 200 തൊഴിൽ ദിനം ലഭ്യമാക്കാൻ നടപടി. ഈ ലക്ഷ്യത്തോടെ കാഷ്യു ബോർഡ് മുഖേന രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 12,500 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതിക്ക് കരാർ ഉറപ്പിച്ചു. ഘാന, ഐവറികോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള തോട്ടണ്ടി മേയ് പകുതിയോടെ ഫാക്ടറികളിൽ എത്തും. ഈ വർഷം തുടക്കത്തിൽ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത തോട്ടണ്ടി ഉപയോഗിച്ചാണ് കോർപറേഷൻ - കാപ്പെക്സ് ഫാക്ടറികളിൽ തൊഴിലാളികൾക്ക് ജോലി ലഭ്യമാക്കിയത്.
ഇതുവരെ 46 ദിവസം തൊഴിൽ നൽകിയിട്ടുണ്ട്. ഈ വർഷം 200 തൊഴിൽ ദിനങ്ങൾ നൽകാനാകുമെന്നു കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ളയും പറഞ്ഞു. നാടൻ തോട്ടണ്ടിക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫാക്ടറികൾ വഴി ലഭ്യമായതും കോർപറേഷൻ, കാപെക്സ് ഫാക്ടറി പരിസരത്ത് നിന്നും വിളവെടുത്ത് ലഭ്യമായിട്ടുള്ളതുമായ തോട്ടണ്ടി ഉപയോഗിച്ച് ഓണക്കാലത്ത് ജംബോ കാഷ്യു ഇറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. ഐവറികോസ്റ്റിൽ നിന്നും 3000 മെട്രിക് ടൺ തോട്ടണ്ടിക്കു കൂടി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിലെ സീസൺ സമയത്ത് തന്നെ തോട്ടണ്ടി വാങ്ങാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ സഹായം യഥാസമയം ലഭിച്ചതു കൊണ്ടാണന്നും ചെയർമാൻമാർ പറഞ്ഞു. അടഞ്ഞു കിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ തയ്യാറാവുന്ന വ്യവസായികൾക്ക് ഒരു തൊഴിലാളിക്ക് 55 രൂപ കണക്കാക്കി 10 ലക്ഷം രൂപ വരെ സഹായധനമായി നൽകുന്ന പദ്ധതിയും സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തി ഫാക്ടറികൾ തുറക്കാൻ തയ്യാറായാൽ സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും ഏറെ ആശ്വാസകരമാകുമെന്നും എസ്.ജയമോഹനും ശിവശങ്കരപ്പിള്ളയും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.